കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വികസനം 2027 ജൂണിൽ പൂർത്തിയാകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ 450 കോടി രൂപ ചെലവിലാണ് നടക്കുന്നത്. പദ്ധതി നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും അവലോകന യോഗത്തിനുശേഷം ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വർഷം ജൂലായിൽ നിർമ്മാണത്തിന്റെ പ്രധാന ഘട്ടം ആരംഭിക്കും. വിമാനത്താവളത്തിലേതു പോലെ എല്ലാ ആധുനിക സൗകര്യങ്ങളും റെയിൽവേ സ്റ്റേഷനിലുണ്ടാകും. ആരോഗ്യ സംവിധാനങ്ങൾ, ജീവനക്കാരുടെ ക്വാട്ടേഴ്സ് ഉൾപ്പെടെയുള്ളവയും ഉണ്ടാകും. ഒരിഞ്ചുഭൂമി പോലും ഏറ്റെടുക്കാതെയാണ് നിർമ്മാണം നടക്കുന്നതെന്നും ജോർജ് കുര്യൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനോട് ചേർന്ന് ഐടി ഹബ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ റെയിൽവെ ഉദ്യോഗസ്ഥർ ചെയ്യുന്നുണ്ടെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു.
ഡി ആര്‍ എം അരുൺകുമാർ ചതുർവേദി, എഡിആര്‍എം ജയകൃഷ്ണൻ, സ്റ്റേഷൻ ഡയറക്ടർ ബർജാസ് മുഹമ്മദ്, ചീഫ് എൻജിനീയർ വി രാജഗോപാലൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ റോബിൻ രാജൻ, എസ്.ഡി.ഇ അഭിഷേക് വർമ്മ, അഡീഷണൽ ഡിവിഷണൽ എൻജിനീയർ കെ എം സുധീന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.