കൊയിലാണ്ടി താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയില്‍ ഫ്രീസര്‍ സൗകര്യമില്ലാത്തത് വലിയ പ്രയാസമാകുന്നു. ഫ്രീസര്‍ സൗകര്യമില്ലാത്തതിനാല്‍ മിക്ക മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് അയക്കുകയാണ്. പകല്‍ നേരങ്ങളില്‍ താലൂക്കാശുപത്രിയില്‍ ചെയ്യാവുന്ന പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ മാത്രമേ ഇവിടെ ചെയ്യുന്നുള്ളു. വൈകീട്ടാണ് മരണങ്ങള്‍ നടക്കുന്നതെങ്കില്‍ നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് അയക്കുകയാണ്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം തിരികെ വീട്ടിലേക്ക് കൊണ്ടുവരാനും ആംബുലന്‍സിന് തന്നെ നല്ല വാടക വരും. പാവപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇതുമൂലം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. മൃതദേഹത്തിന്റെ ദേഹപരിശോധനയക്ക് പോലീസിനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കാനും ബന്ധുക്കള്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യണം. കൂടാതെ മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കിട്ടാൻ കൂടുതല്‍ സമയം എടുക്കും.
രണ്ട് ഫ്രീസറുകള്‍ കൊയിലാണ്ടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷത്തോളമായി ഫ്രീസറുകള്‍ തകരാറിലാണ്. പുതിയ ഫ്രീസര്‍ വാങ്ങാന്‍ മൂന്ന് ലക്ഷം രൂപയോളം വരും. സന്നദ്ധ സംഘടനകളുമായി സംസാരിച്ചാല്‍ ഫ്രീസര്‍ നല്‍കാന്‍ തയ്യാറായി വന്നേക്കും. എന്നാല്‍ താലൂക്കാശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ നിലവിലുളള മോര്‍ച്ചറി പൊളിച്ചു നീക്കേണ്ടി വരും. പുതിയ കെട്ടിടം നിര്‍മ്മിച്ചു മോര്‍ച്ചറി സജ്ജമാക്കാന്‍ ഇനിയും കാലതാമസം എടുക്കും.
ആശുപത്രിയില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടു പോലുമില്ല. മോര്‍ച്ചറി ഫ്രീസര്‍ സൗകര്യത്തോടുകൂടി സജ്ജമാക്കാന്‍ അടിയന്തിരമായി നഗരസഭയും ആരോഗ്യവകുപ്പും ഇടപെടണമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് തെന്‍ഹീര്‍ കൊല്ലം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് വരും ദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.