18 വയസിന് താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുവാദം വേണമെന്ന് നിഷ്‌കർഷിക്കുന്ന ഡിജിറ്റൽ പേർസണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ കരട് രൂപം പുറത്ത്. വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കു കുട്ടികളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കുന്നതിന് ഇളവ് നൽകും. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ ഡിജിലോക്കർ വഴിയോ സമൂഹമാധ്യമങ്ങൾ പരിശോധിക്കണമെന്നാണ് കരടുവ്യവസ്ഥ.
എന്നാൽ ഇത് ലംഘിച്ച് കുട്ടികൾക്ക് വിവരങ്ങൾ കൈമാറുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് കരട് നിയമത്തിൽ പറയുന്നില്ല. വിവരസുരക്ഷാ നിയമം 2023 ഓഗസ്റ്റിൽ പാസാക്കിയെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക. MyGov.in. എന്ന വെബ്‌സൈറ്റിലൂടെ പൊതു ജനങ്ങൾക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.