ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒന്നൊന്നായി എടുത്തുമാറ്റാനുളള ശ്രമം റെയില്‍വേ തുടങ്ങിയതായി സൂചന. ഹാള്‍ട്ട് സ്‌റ്റേഷനുകളില്‍ കൂടുതല്‍ വണ്ടികള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിലെ ബഹുജനങ്ങള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപവല്‍ക്കരിച്ച് പ്രതിഷേധം നടത്തുമ്പോഴാണ് ഹാള്‍ട്ട് സ്റ്റേഷനുകള്‍ തന്നെ നിര്‍ത്താലാക്കാനുള്ള നടപടി റെയില്‍വേ സ്വീകരിക്കുന്നത്. ഇതിന്റെ സൂചനയായിട്ടാണ് പാലക്കാട് ഡിവിഷന് കീഴിലുളള ഷോര്‍ണ്ണൂരിന് സമീപം പള്ളിപ്പുറം ഹാള്‍ട്ട് സ്റ്റേഷനില്‍ പാസഞ്ചര്‍ വണ്ടികള്‍ നിര്‍ത്തുന്നത് അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്. ജനുവരി ഒന്നുമുതലാണ് പള്ളിപ്പുറം ഹാള്‍ട്ട് സ്റ്റേഷനിലെ സ്റ്റോപ്പുകള്‍ ഇല്ലാതായത്.
കോഴിക്കോട് ജില്ലയില്‍ ചേമഞ്ചേരി, വെള്ളറക്കാട്, നാദാപുരം റോഡ്, മുക്കാളി, ഇരിങ്ങല്‍ സ്റ്റേഷനുകള്‍ ഹാള്‍ട്ട് സ്റ്റേഷനുകളാണ്. ഈ സ്റ്റേഷനുകളില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 30ന് കോഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ ജാല തെളിയിച്ചിരുന്നു.
ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍ തുടങ്ങിയ സ്റ്റേഷനോടുള്ള റെയില്‍വേയുടെ അവഗണനക്കെതിരെയാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധിച്ചത്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് നിര്‍ത്തലാക്കിയ കണ്ണൂര്‍-കോയമ്പത്തൂര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍, തൃശൂര്‍-കണ്ണൂര്‍, മംഗളൂരു കോഴിക്കോട് എന്നീ പാസഞ്ചര്‍ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃ സ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും യാത്രക്കാര്‍ ഉയര്‍ത്തിയത്. ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സമര കാലഘട്ടത്തില്‍ അഗ്‌നിക്കിരയാക്കിയ സ്റ്റേഷനാണ്. സ്വാതന്ത്യ സമര സ്മരാകമെന്ന നിലയില്‍ ഈ സ്റ്റേഷന്‍ വികസിപ്പിക്കണമെന്നാവശ്യം ദീര്‍ഘനാളായി ഉയരുന്നുണ്ട്.
എം.പി, എം.എല്‍.എ, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ ഇടപെട്ടില്ലെങ്കില്‍ കേരളത്തിലെ മിക്ക ഹാള്‍ട്ട് സ്റ്റേഷനുകളും പള്ളിപ്പുറത്തിന് സംഭവിച്ചതു പോലെ ഇല്ലാതാവുമെന്ന ആശങ്കയാണ് യാത്രക്കാര്‍ പങ്കുവെയ്ക്കുന്നത്.