കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. കൊച്ചി റിനെയ് മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന എംൽഎയെ ഇന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റി. അപകടം നടന്നു 6 ദിവസത്തിന് ശേഷം ആണ് വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ, ഉണ്ടെങ്കിൽ അത് എങ്ങനെയാണ് എന്നതൊക്കെ ക്രമേണയെ മനസിലാകൂവെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. ഓർമകൾ ബാക്കിയുണ്ട്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. ഉമാ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന് എഴുതിയത് ആശ്വാസകരമായ കാര്യമാണ്. കൈകാലുകൾ അനക്കുന്നുണ്ടെന്നും ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.