കേരള സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരന്മാര്‍ക്കുള്ള ഫെലോഷിപ്പിന് കൊയിലാണ്ടി സ്വദേശി ഫാസില്‍ അര്‍ഹനായി. ഇരുപത് വര്‍ഷത്തോളമായി കോല്‍ക്കളി പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാണ് ഫാസിലിനെ ഫെലോഷിപ്പിന് അര്‍ഹനാക്കിയത്. കൊയിലാണ്ടി മാപ്പിള സ്‌കൂള്‍, മലബാര്‍ കോളേജ്, കൊയിലാണ്ടി, ഐ.സി.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ കലോത്സവ മത്സരങ്ങള്‍ക്ക് ഏറെക്കാലമായി പരിശീലിപ്പിക്കുന്നത് ഫാസിലാണ്.
കുട്ടിക്കാലം മുതലേ മൂസക്കുട്ടി ഗുരുക്കൾ, അഷ്‌റഫ് ഗുരുക്കള്‍, നസീര്‍ ഗുരുക്കള്‍ കൊല്ലം കോയഗുരുക്കള്‍ പന്നിയങ്കര, അസീസ് ഗുരുക്കള്‍ വടകര, മജീദ് ഗുരുക്കള്‍ തിക്കോടി, ഉമ്മര്‍ ഗുരുക്കള്‍ തിക്കോടി, ഹാജി ഗുരുക്കള്‍ തിക്കോടി (പരേതന്‍) എന്നിവര്‍ക്കു കീഴിലായി കോല്‍ക്കളിയും കളരിയും പരിശീലിച്ചിരുന്നു. ഇശല്‍ കൊയിലാണ്ടിയെന്ന പേരില്‍ മുട്ടിപ്പാട്ട് സംഘത്തിനും ഫാസില്‍ നേതൃത്വം നല്‍കുന്നുണ്ട്. കൊയിലാണ്ടി സഫാത്തില്‍ മുസ്തഫയുടെയും സുഹറയുടെയും മകനായ ഫാസിൽ ടൗണില്‍ പെയിന്റ് ഷോപ്പ് നടത്തുകയാണ്.