ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ സന്ദർശകർക്ക് കാഴ്ചവിരുന്നൊരുക്കി ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ നേവിയുടെ ഐഎൻഎസ് കബ്രയും കോസ്റ്റ്ഗാർഡിന്റെ ഐസിജിഎസ് അനഘും. നാലാമത് ബേപ്പൂർ അന്താരാഷ്ട്ര ഫെസ്റ്റിലെത്തുന്ന കുട്ടികളും മുതിർന്നവരും ഒരേ ആവേശത്തിലാണ് കപ്പലില്‍ കയറി കാര്യങ്ങൾ ചോദിച്ചറിയുന്നതും സെൽഫി എടുക്കുന്നതും. തീരദേശ പെട്രോളിംഗിനും സുരക്ഷക്കുമായി ഉപയോഗിക്കുന്ന കപ്പലായ കോസ്റ്റ്ഗാർഡിന്റെ അനഘ് ആദ്യമായാണ് ബേപ്പൂർ ഫെസ്റ്റിൽ എത്തുന്നത്. ഐഎൻഎസ് കബ്ര മൂന്നാം തവണയാണ് ഫെസ്റ്റിന്റെ ഭാഗമാകുന്നത്.
ആദ്യ ദിവസം ഉച്ചയോടെത്തന്നെ കപ്പലിൽ കയറി കാഴ്ചകൾ കാണാൻ നിരവധി പേരാണ് എത്തിയത്. അത്യാധുനിക സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ ഗൺ (എസ്ആർസിജി) ഉൾപ്പെടെ വിവിധ തരം തോക്കുകൾ, മറ്റു സുരക്ഷാ ഉപകരണങ്ങൾ എന്നിവ കപ്പലിൽ മനോഹരമായി അണിനിരത്തിയിട്ടുണ്ട്. കപ്പലിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളെക്കുറിച്ചും മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ വായിച്ചും കേട്ടും കണ്ടും മനസ്സിലാക്കാം. ഫെസ്റ്റ് ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. രണ്ട് കപ്പലുകളിലും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാം.