സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജിലെ പെരിയാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി. വിമന്‍സ് കോളേജിലെ പഠനം കഴിഞ്ഞ് വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ഒരുമിച്ച് ഒത്തുകൂടുന്നത്. പ്രശസ്ത സിനിമാ, സീരിയല്‍ താരവും ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഒഫ്ത്താല്‍മോളജി ഡോക്ടറുമായ ആര്യ, സിനിമാ, സീരിയല്‍ താരം അഞ്ജിത, ഗായിക സിനിജ, അനുജത്തിയും ഹൈക്കോടതി അഭിഭാഷകയുമായ വിദ്യ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആര്യയും വിദ്യയും പ്രീഡിഗ്രിക്കും സിനിജയും അഞ്ജിതയും ഡിഗ്രിയ്ക്കും മന്ത്രി വീണാ ജോര്‍ജ് പിജിയ്ക്കുമാണ് അന്ന് വിമന്‍സ് കോളേജില്‍ പഠിച്ചിരുന്നത്. വിവിധ ക്ലാസുകളിലായിരുന്നെങ്കിലും കല ഇവരെ അടുപ്പിക്കുകയായിരുന്നു.
