കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവകേരള സൃഷ്ടിക്കായി അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ആയിരം ജനകീയ വിദ്യാഭ്യാസ സദസ്സുകൾ സംഘടിപ്പിക്കും.
വിദ്യാഭ്യാസ സദസ്സുകളിൽ അവതരിപ്പിക്കേണ്ട വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ജില്ലാതല ശില്പശാലയിൽ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ. ടി കുഞ്ഞിക്കണ്ണൻ, സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് എന്നിവർ ക്ലാസ് നയിച്ചു. കോഴിക്കോട് നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ശില്പശാലയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ സദസ്സുകളിൽ വിഷയം അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്. മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനിലും ജനകീയ സദസ്സുകളായാണ് പരിപാടി സംഘടിപ്പിക്കുക.
കേന്ദ്ര ഗവൺമെന്റ് സംസ്ഥാനത്തോടു പുലർത്തുന്ന വിവേചനപരമായ നിലപാടുകൾക്കെതിരെയും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന വർഗീയവൽക്കരണത്തിനെതിരെയും ശക്തമായ പ്രചരണ പ്രവർത്തനമായാണ് സദസ്സുകൾ സംഘടിപ്പിക്കുന്നത്.
ജില്ലാ ശില്പശാലയിൽ ജില്ലാപ്രസിഡന്റ് എൻ സന്തോഷ് കുമാർ അധ്യക്ഷനായി, സംസ്ഥാന വൈ: പ്രസിഡണ്ട് കെ സി മഹേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.പി രാജീവൻ, പി.എസ് സ്മിജ, കെ.ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. സതീശൻ, വി.പി മനോജ്, സംസ്ഥാന സമ്മേളന അനുബന്ധ പരിപാടി സബ് കമ്മിറ്റി കൺവീനർ കെ.എൻ സജീഷ് നാരായണൻ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആർ.എം രാജൻ ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.