മുതലാളിത്വത്തിന്റെ ചരക്കുവണ്ടി എന്നാണ് റെയില്‍വേയെ പൊതുവെ വിശേഷിപ്പിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് വാണിജ്യമുതലാളിത്വത്തില്‍ നിന്ന് വ്യവസായിക മുതലാളിത്വത്തിലേക്ക് പരിണമിച്ചു. ഉത്പന്നങ്ങള്‍, വിഭവങ്ങള്‍ എന്നിവ ശേഖരിക്കാനും കോളനികളില്‍ നിര്‍മ്മിക്കപ്പെടുന്ന പുതിയ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുമുള്ള ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ താത്പര്യം കോളനിവത്കരണത്തിലേക്ക് നയിച്ചു. ലോകമെമ്പാടും കോളനികളിലുണ്ടായിരുന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ കോളനി ഇന്ത്യന്‍ ഉപഭൂഖണ്ഡമായിരുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭവ ശേഖരണത്തിനും അതിന്റെ ചലനത്തിനും നിലവിലുള്ള ഗതാഗത സൗകര്യങ്ങള്‍ അപര്യാപ്തമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ വിഭവശേഖരത്തിനും അവയുടെ സുഗമമായ ചലനത്തിനും ഗതാഗത രംഗത്ത് സമാനമായ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിതമായി. അതിന്റെ ഫലമായിരുന്നു ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അവസാനകാലത്താണ് ഇന്ത്യന്‍ മുതലാളിത്വത്തിന്റെ ചരക്ക് വണ്ടി അഥവാ തീവണ്ടി ആദ്യം ഓടിയത്. 1853 ഏപ്രില്‍ 16 ന് ബോംബെ മുതല്‍ താനെ വരെ. ഇതിന്റെ തുടര്‍ച്ചയായി 1861 ല്‍ തിരൂര്‍ -ബേപ്പൂര്‍ വരെയുള്ള റെയില്‍പ്പാതയിലൂടെ മലബാറില്‍ റെയില്‍ വികസനം എത്തിച്ചേര്‍ന്നു.
27 വര്‍ഷങ്ങള്‍ക്ക് ശേഷം മദ്രാസ് റെയില്‍വേയുടെ തെക്ക് പടിഞ്ഞാറ് ലൈന്‍ കോഴിക്കോട്ടേക്ക് നീട്ടി. 1888 ജനുവരി രണ്ടിനാണ് മദ്രാസില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള റെയില്‍പ്പാത തുറക്കപ്പെട്ടത്.കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്‌സിലെ മദ്രാസ് ഗവണ്‍മെന്റിന്റെ റവന്യൂ റിക്കോര്‍ഡില്‍ (ബണ്ടില്‍ നമ്പര്‍ 229, സീരിയല്‍ നമ്പര്‍ 6) 1899 ല്‍ മലബാറിലുണ്ടായിരുന്ന റെയില്‍വേസ്റ്റേഷനുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നു.
1899 ജൂണ്‍ ഏഴാം തീയ്യതി മദ്രാസ് ഗവണ്‍മെന്റിന്റെ അഗ്രിക്കള്‍ച്ചറല്‍ സെക്രട്ടറി മലബാര്‍ കലക്ടര്‍മാര്‍ക്ക് മലബാറിലെ റെയില്‍വേസ്റ്റേഷനുകളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. മലബാര്‍ കലക്ടര്‍ ഇതിന് മറുപടി നല്‍കിയ കത്തില്‍ മലബാറിലെ റെയില്‍വേ സ്റ്റേഷനുകളിലെ പട്ടിക നമുക്ക് കാണാം.
മദ്രാസില്‍ നിന്നുള്ള മെയില്‍ വാളയാര്‍, പാലക്കാട് വഴി കോഴിക്കോട് എത്തിച്ചേരുന്നു. ഈ മദ്രാസ് മെയില്‍ കടന്നുപോകുന്ന ഇരുപത് സ്റ്റേഷനുകളുടെ ലിസ്റ്റാണ് മലബാര്‍ കലക്ടറുടെ ഔദ്യോഗിക റിപ്പോര്‍ട്ടിലുള്ളത്. താഴെ പറയുന്നവയാണ് ആ റെയില്‍വേസ്റ്റേഷനുകള്‍
1. കോഴിക്കോട് (കോഴിക്കോട് താലൂക്ക്), 2. ഇടക്കുളം (പൊന്നാനി താലൂക്ക്), 3. ഫറോക്ക് ( ഏറനാട് താലൂക്ക്), 4. കടലുണ്ടി (ഏറനാട് താലൂക്ക്)
5. കല്ലായ് (കോഴിക്കോട് താലൂക്ക്), 6. കഞ്ചിക്കോട് (പാലക്കാട് താലൂക്ക്), 7. കുറ്റിപ്പുറം (പൊന്നാനി താലൂക്ക്), 8. ലക്കിടി (വള്ളുവനാട് താലൂക്ക്),
9. മങ്കര (പാലക്കാട് താലൂക്ക്) 10. ഒലവക്കോട് (പാലക്കാട് താലൂക്ക്), 11. ഒറ്റപ്പാലം (വള്ളുവനാട് താലൂക്ക്), 12. പാലക്കാട് (പാലക്കാട് താലൂക്ക്),
13. പള്ളിപ്പുറം (പൊന്നാനി താലൂക്ക്), 14. പരപ്പനങ്ങാടി (ഏറനാട് താലൂക്ക്), 15. പറളി (പാലക്കാട് താലൂക്ക്), 16. പട്ടാമ്പി (വള്ളുവനാട് താലൂക്ക്),
17. ഷൊര്‍ണ്ണൂര്‍ (വള്ളുവനാട് താലൂക്ക്), 18. താനൂര്‍ (പൊന്നാനി താലൂക്ക്), 19. തിരൂര്‍ (പൊന്നാനി താലൂക്ക്), 20. വാളയാര്‍ (പാലക്കാട്).
ഇതില്‍ മഹാഭൂരിപക്ഷം സ്റ്റേഷനുകളും ഇപ്പോഴും നിലനില്‍ക്കുന്നു. ഇതില്‍ പാലക്കാടും ഷൊര്‍ണ്ണൂരും പില്‍ക്കാലത്ത് റെയില്‍വേ ജംഗ്ഷനുകളായി മാറി. മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനായി കോഴിക്കോടും മാറി. മുതലാളിത്വത്തിന്റെ ചരക്ക് വണ്ടി പില്‍ക്കാലത്ത് ജനകീയ ഗതാഗതമാര്‍ഗ്ഗമായി മാറുകയും ജനങ്ങളുടെ യാത്രാസൗകര്യത്തിന്റെ ഏറ്റവും സുപ്രധാനമായ മാര്‍ഗ്ഗമായി മാറുകയും ചെയ്തു. തീവണ്ടിയുടെ ആഗമനം മലബാറിന്റെ വാര്‍ത്താവിനിമയ ഗതാഗതരംഗത്ത് മാത്രമല്ല സാമ്പത്തിക സാമൂഹിക രംഗത്തും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴി തെളിയിച്ചു. ജാതീവ്യവസ്ഥയുടെ കാര്‍ക്കശ്യം തകര്‍ക്കാനും പൊതു സ്ഥലങ്ങളുടെ രൂപീകരണത്തിനും റെയില്‍വേസ്റ്റേഷനുകളും റെയില്‍വേയും കാരണമായി.
ലേഖകൻ: പ്രൊഫ. എം.സി.വസിഷ്ഠ്
(മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുന്‍ ചരിത്ര വിഭാഗം മേധാവി)