പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നു മന്ത്രി എംബി രാജേഷ്. ഇതിനായുള്ള കാമറാനിരീക്ഷണവും മറ്റു പരിശോധനകളും കര്‍ശനമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ ഏതൊരു പാഴ് വസ്തു വലിച്ചെറിഞ്ഞാലും 10,000 രൂപവരെ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പല്‍- പഞ്ചായത്തിരാജ് ആക്ടുകള്‍ പ്രകാരം ഒരുലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കാമെന്നും മന്ത്രി പറഞ്ഞു. കേരളം മാലിന്യമുക്തമാകുന്നതിന് വലിച്ചെറിയല്‍ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താന്‍ പൊതുജനങ്ങള്‍ക്കും അവസരം. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വിഡിയോയോ പൊതുജനങ്ങള്‍ക്ക് 9446 700 800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. ആളെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലോ വണ്ടിനമ്പര്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്. ഇത്തരം നിയമലംഘനങ്ങള്‍ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാല്‍ അതില്‍ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കും. ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താന്‍ പൊതുജനങ്ങള്‍ പരമാവധി മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.