എലത്തൂരിൽ ഇന്ധന ചോർച്ച ഉണ്ടായ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കും. ലൈസൻസ് പുതുക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നീക്കം തുടരുമ്പോഴും ലൈസൻസ് പുതുക്കി നൽകരുതെന്ന് ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാണെന്നും പ്ലാൻ്റ് മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഈ മാസം നാലിന് ഇന്ധനം ചോർന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്ലാൻ്റ് താൽക്കാലികമായി അടച്ച് പൂട്ടി.
ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വടക്ക് ഭാഗത്തുള്ള ചെറിയ ഫുട്പാത്തിനടിയിലെ ഓടയിലൂടെ ഡീസൽ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു നിരവധി ആളുകൾ കുപ്പികളിലും മറ്റും ഡീസൽ മുക്കിയെടുത്തെങ്കിലും വലിയ അളവിൽ എത്തിയതോടെ ആളുകൾ പരിഭ്രാന്തരായി. ഇതോടെ എച്ച്പിസിഎൽ മാനേജരടക്കമുള്ളവർ സ്ഥലത്തെത്തി. അറ്റകുറ്റപണിക്കിടെ ചോർച്ച ഉണ്ടായതാണെന്നായിരുന്നു വിശദീകരണം. നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയതോടെ 11ഓളം ബാരലുകൾ കൊണ്ടുവന്ന് ഡീസൽ മുക്കി മാറ്റി. എന്നാൽ പരിഹാരമുണ്ടാവാതെ ഡീസൽ കൊണ്ടുപോവുന്നത് നാട്ടുകാർ തടഞ്ഞു. ഇന്ധനം ഓടയിലൂടെ ഒഴുകി തോട്ടിലും കടലിലും എത്തി മീനുകൾ ചത്തുപൊന്തിയിരുന്നു.