വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയുന്നതിനും അഥവാ ഇറങ്ങിയാൽ സംഘർഷം പരമാവധി ലഘൂകരിക്കുന്നതിനും കോഴിക്കോട് വന ഡിവിഷനിൽ ബഹുമുഖമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിവരുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ജില്ലയിൽ 63.5 കിലോമീറ്റർ സൗരോർജ്ജ വേലി സ്ഥാപിക്കുന്നതിന്റെ നിർമാണവും വനിത ജീവനക്കാർക്കായി പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനിൽ പുതുതായി നിർമിച്ച ലേഡീസ് ബാരക്ക് കെട്ടിടത്തിന്റെയും ഉൾപ്പെടെ നാല് പദ്ധതികളുടെ ഉദ്ഘാടനം പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പെരുവണ്ണാമുഴി റേഞ്ചിൽ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ ആലമ്പാറ ഉന്നതി, ഉണ്ടന്മൂല, മുത്തപ്പൻപുഴ, ഐ ഐ എസ് ആർ, ചെങ്കോട്ടക്കൊല്ലി, സീതപ്പാറ ഭാഗങ്ങളിൽ 18 കിലോമീറ്റർ ദൂരത്തിലാണ് സൗരോർജ്ജ തൂക്കുവേലി നിർമ്മിക്കുന്നത്. ഇതിന് 2.72 കോടിയാണ് ചെലവ്. കുറ്റ്യാടി റേഞ്ചിൽ കാവിലുംപാറ, വാണിമേൽ, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകൾക്ക് കീഴിൽ വരുന്ന ഭാഗങ്ങളിൽ 17.5 കിലോമീറ്ററിലും താമരശ്ശേരി റേഞ്ചിൽ തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമ പഞ്ചായത്തുകളിലെ ഭാഗങ്ങളിൽ 12 കിലോമീറ്റർ ദൂരത്തിലും സൗരോർജ്ജ വേലിയാണ് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവൃത്തി ഊരാളുങ്കൽ തുടങ്ങിക്കഴിഞ്ഞു.
ഇതിന് പുറമെ, കൃഷി വകുപ്പിന്റെ സഹകരണത്തോടെ താമരശ്ശേരി റേഞ്ചിലെ തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങളിൽ 1.25 കോടി രൂപ ചെലവിൽ 16 കിലോമീറ്ററിൽ സൗരോർജ്ജ തൂക്കുവേലിയുമാണ് നിർമ്മിക്കുന്നത്.
“പുതുതായി സൗരോർജ വേലി നിർമ്മിക്കുന്നതിന് പുറമേ ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്നത് തടയാൻ മൂന്ന് റേഞ്ചുകളിലായി നിലവിലുള്ള 27 കിലോമീറ്റർ സൗരോർജ്ജ വേലികൾ അറ്റകുറ്റപ്പണി നടത്തുന്ന മിഷൻ ഫെൻസിങ് പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്,” മന്ത്രി കൂട്ടിച്ചേർത്തു.
പേരാമ്പ്ര മുതുകാട് സ്ഥാപിക്കുന്ന കോഴിക്കോട് ബയോളജിക്കൽ പാർക്കിന്റെ വിശദപദ്ധതി രേഖ തയാറാക്കുന്നതിന്റെ ടെണ്ടർ നടപടി പുരോഗമിക്കുകയാണ്.
മനുഷ്യ-വന്യജീവി സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി പരിക്കുപറ്റിയ വന്യജീവികളെ പുനരധിവസിപ്പിക്കുന്നആനിമൽ ഹോസ്പൈസ് സെന്റർ മുതുകാട് തുടങ്ങുന്നതിന് കിഫ്‌ബി വഴി 10 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ ഇത്തരം കേന്ദ്രമായിരിക്കുമിത്, മന്ത്രി പറഞ്ഞു.
ജാനകിക്കാട്, തുഷാരഗിരി, കക്കാട്, കാക്കവയൽ, പെരുവണ്ണാമുഴി, കക്കയം എന്നീ ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലും കടലുണ്ടി കമ്മ്യൂണിറ്റി സെന്ററിലും പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കക്കാടംപൊയിൽ, വയലട എന്നിവിടങ്ങളിൽ പുതുതായി ഇക്കോ-ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അനുമതി ലഭ്യമാക്കുകയും അത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.
വനാശ്രിത സമൂഹത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസപരമായ ഉന്നമനത്തിനായി
കുടിൽപാറ, പായോണ, വട്ടച്ചിറ, കുറുമരുകണ്ടി, അംബേദ്കർ, ചിറ്റാരി, ഓലിക്കൽ, കുളത്തൂർ എന്നീ 8 പട്ടികവർഗ ഉന്നതികളിൽ രണ്ട് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച എട്ട് ലൈബ്രറികളുടെ ഉദ്ഘാടനവും വനം മന്ത്രി നിർവഹിച്ചു.
കക്കയം, പെരുവണ്ണാമൂഴി, ആനക്കാംപൊയിൽ, കോഴിക്കോട് സിറ്റി, കുറ്റ്യാടി എന്നിവിടങ്ങളിലുള്ള സാറ്റലൈറ്റ് ആർആർടികളിലേക്കായി പുതുതായി വാങ്ങിയ വാഹനങ്ങളുടെ ഫ്ലാഗ്ഓഫും മന്ത്രി നിർവഹിച്ചു.
പരിപാടിയിൽ ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി,
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സുനിൽ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ്, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ബാബു, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി സുരയ്യ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ,
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എം പ്രദീപൻ, കെ എ ജോസുകുട്ടി, കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ രജനി മുരളീധരൻ എന്നിവർ സംസാരിച്ചു.
ഉത്തരമേഖല സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപ സ്വാഗതവും
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു ആഷിക് അലി നന്ദിയും പറഞ്ഞു.