കൊയിലാണ്ടി: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകള്‍ പൂര്‍ണ്ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡി സെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക സര്‍വ്വീസ് സംഘടനാസമരസമിതി ജനുവരി 22 ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കൊയിലാണ്ടിയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.
സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് കെ .കെ സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എഫ് താലൂക്ക് സെക്രട്ടറി അശ്വതി അധ്യക്ഷത വഹിച്ചു. ജോയന്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് ഷോളി, കെ ജി ഒ എഫ് താലൂക്ക് പ്രസിഡന്റ് ഡോ. ജിത്തു കെ ആർ ഡി എസ് എ താലൂക്ക് സെക്രട്ടറി സുരേഷ് എന്നിവര്‍ സംസാരിച്ചു.