വിഷു ബംബര്‍ ലാഭത്തില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഒമ്പതരക്കോടി രൂപ വിനിയോഗിക്കും. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായ വീടില്ലാത്ത. 160 പേരെയാണ് ഇതില്‍ പരിഗണിക്കുക.
2021-ലെ ഈ ടിക്കറ്റിലെ ലാഭ വിഹിതമായി 9 കോടി നാല്‍പ്പത്തി ഏഴര ലക്ഷം രൂപ ലഭിച്ചു. ഈ തുക ഉപയോഗിച്ച് ഭവനനിര്‍മ്മാണ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലോട്ടറി ക്ഷേമനിധി വകുപ്പാണ് പദ്ധതി നടപ്പിലാക്കുക. അഞ്ചുവര്‍ഷമായി ക്ഷേമനിധിയില്‍ സജീവാംഗമായവരെയാണ് ഇതില്‍ പരിഗണിക്കുക. സ്വന്തമായോ കുടുംബാംഗങ്ങള്‍ക്കോ വീടില്ലാത്തവരായിരിക്കണം.
ക്ഷേമനിധി അംഗത്വ സീനിയോറിറ്റി, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, ഗുരുതര രോഗമുള്ള കുടുംബാംഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. ഭര്‍ത്താവ് മരിച്ചവര്‍ക്കും സ്ത്രീ കുടുംബനാഥയായിട്ടുള്ളവര്‍ക്കും പ്രത്യേക പരിഗണനയുണ്ടാവും. കുടുംബാംഗങ്ങളില്‍ ആരെങ്കിലും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്കാരോ പെന്‍ഷന്‍കാരോ ആണെങ്കില്‍ ആനുകൂല്യം ലഭിക്കുന്നതല്ല. ലൈഫ് മാതൃകയില്‍ നാലുഘട്ടമായാണ് തുക വിതരണം ചെയ്യുക. ജില്ലാതലത്തില്‍ ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കും.