കോവിഡിനും നിപയ്ക്കും മുമ്പെ നമ്മുടെ മുന്‍ തലമുറയെ കാര്‍ന്ന് തിന്ന പ്ലേഗ് എന്ന മഹാരോഗം മദ്രാസ് പ്രസിഡന്‍സിയില്‍ കനത്ത നാശം വിതച്ചാണ് കടന്നു പോയത്. കോഴിക്കോട് ജില്ല ഉള്‍പ്പെട്ട മദ്രാസ് പ്രസിഡന്‍സിയില്‍ മാത്രം 1900നും 21നും ഇടയില്‍ 1,74,192 പേര്‍ മരണപ്പെട്ടതായി ബ്രിട്ടീഷ് രേഖകളില്‍ പറയുന്നു. കോഴിക്കോട് റീജിണല്‍ ആര്‍ക്കെവ്‌സിലെ രേഖകളില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. 1920ല്‍ മാത്രം 5645 പേരാണ് പ്ലേഗ് ബാധിച്ച് മരിച്ചത്. കോഴിക്കോട് നഗരത്തില്‍ ഗുജറാത്തി സ്ട്രീറ്റിലാണ് രോഗം കനത്ത നാശം വിതച്ചത്. പ്ലേഗ് വ്യാപനത്തെ കുറിച്ചും,രോഗം പ്രതിരോധിക്കാന്‍ അന്നത്തെ ഭരണ കൂടം സ്വീകരിച്ച നടപടികളെ കുറിച്ചും ഇതില്‍ പറയുന്നു. 1921 ഫെബ്രുവരി മൂന്നിന് കോഴിക്കോട് കലക്ടര്‍ ഇ.എഫ് തോമസ് ,അന്നത്തെ മദ്രാസ് പ്രസിഡന്‍സി ഗവ സെക്രട്ടറിയ്ക്കയച്ച കത്തില്‍ ,പ്ലേഗ് നിയന്ത്രണ വിധേയമാണെന്നും ,അതിനാല്‍ കോഴിക്കോട് ജില്ലയെ പ്ലേഗ് വിമുക്ത ജില്ലയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 1921 ഏപ്രില്‍ മൂന്നിന് ജില്ലയെ പ്ലേഗ് വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ഇത് സര്‍ക്കാസ് ഗസറ്റില്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ മാരാകമായ രോഗമായിരുന്നു പ്ലേഗ്.
പ്രൊഫ. എം.സി. വസിഷ്ഠ്
(കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ചരിത്ര വിഭാഗം മുന്‍ മേധാവിയാണ് ലേഖകന്‍)