ഡോ.ലാൽ രഞ്ജിത്ത്
ഞാൻ ജനിക്കുന്നതിന് 25 വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട ഒരു പുസ്തകം പിന്നേയും അത്രയും വർഷങ്ങൾക്ക് ശേഷം വായിക്കുകയായിരുന്നു ഞാൻ.
കൊയിലാണ്ടി കൊല്ലം ഗേറ്റിനടുത്തുള്ള പേരില്ലാത്ത ലൈബ്രറി. പൊടിപിടിച്ച പുസ്തകക്കൂട്ടങ്ങളിൽ നിന്നും ആദ്യമായി തെരഞ്ഞെടുത്തത് എംടിയുടെ പുസ്തകങ്ങളായിരുന്നു.
എം ടി ഒരു ഫീലായിരുന്നു.
വീട്ടിൽ നിന്നും ഇറങ്ങി നടന്ന അപ്പുണ്ണിയോടൊപ്പം ഞാൻ
അയ്യപ്പൻ കയത്തിലേക്ക് നോക്കിയിരുന്നു. ചുഴിക്കടിയിൽ ദൈവങ്ങൾ ഉറങ്ങുന്ന കയം!
ഇരുണ്ട വഴികളൊക്കെ എൻറെ ചുറ്റിലുമാണെന്ന് തോന്നി .
തറവാടും മനുഷ്യരും സങ്കടങ്ങളും എല്ലാം എന്റേതായി.
ഞാൻ അപ്പുണ്ണിയായി.
തെക്കിനിയും വടക്കിനിയും സർപ്പക്കാവും എല്ലാം എൻറെ ജീവിതത്തിലേക്കും പാർക്കാൻ വന്നു.
ചില വാചകങ്ങൾ കെടാതെ കത്തി.
‘തെക്കിനിയിൽ വിളക്ക് തെളിഞ്ഞു ‘
എണ്ണവിളക്കിന്റെ ഗന്ധവും പുതുമഴയുടെ , മണ്ണിൻ്റെ ഗന്ധവുമെല്ലാം എം ടി എന്ന രണ്ടക്ഷരം തന്ന ആർട്ടിഫാക്ടുകളായിരുന്നു. അതൊന്നുമില്ലാതെ എൻറെ യൗവനം, പ്രണയം എല്ലാം എങ്ങനെയായിരിക്കും?
ഓരോ ആൺ ജീവിതത്തിന്റെയും അടയാളങ്ങൾ! അതിലൂടെ മാറ്റി വായിക്കപ്പെടുന്ന കാലം .അവിടെ പൊളിഞ്ഞുപോയ നാലുകെട്ടുകളെല്ലാം പുനർജനിക്കും
എം ടി
എഴുത്തിന്റെ മാന്ത്രികത ഞാനെന്ന കൗമാരക്കാരനെയും കൂട്ടി പറന്നു കഴിഞ്ഞിരുന്നു.
നാലുകെട്ടും കുട്ട്യേടുത്തിയും കഴിഞ്ഞ് കാലത്തിൽ എത്തുമ്പോൾ അതൊരു പുതിയ തെളിച്ചമായിരുന്നു.
ദേശത്തിന്റെ കഥയും ഖസാക്കിൻ്റെ ഇതിഹാസവും മയ്യഴിപ്പുഴയുടെ തീരങ്ങളും കാലവും ഒരേസമയത്താണ് ഞാൻ വായിച്ചത്.
മുകുന്ദൻ വായനകളിൽ നിറയുന്ന കാലമായിരുന്നു.
ഖസാക്കിലെ പൂക്കൾ ചോരയിൽ വിരിയുന്ന കാലം .
ആനന്തിൻ്റെ ആൾക്കൂട്ടത്തിൽ സ്വയം നഷ്ടപ്പെട്ട് നിന്ന കാലം.
എങ്കിലും സേതുവിൻ്റെ കൂടെ ഞാൻ കൂടല്ലൂരിലെ നാട്ടു വരമ്പിലൂടെ നടന്നു. വീണ്ടും.
‘സേതുവിന് സേതുവിനെ മാത്രമേ സ്നേഹിക്കാൻ കഴിയുമായിരുന്നുള്ളൂ’
ഏത് കാലത്തിലും
തുറക്കാവുന്ന ജാലക വാചകമാണത്.
സിനിമയിലൂടെയാണ് പിന്നീട് ഞാൻ എം ടി യെ അറിയുന്നത്.
ഉയരങ്ങളിലെ ജയരാജൻ അവസാന രംഗത്ത് പറയുന്നൊരു ഡയലോഗുണ്ട്.
“പോട്ടെ ഗുഡ് ലക്ക് ടു യു .
പാശ്ചാത്താപമില്ല കണ്ണുനീരില്ല .
കളി നന്നായി കളിച്ചു അവസാനം വരെ .
കളിച്ചത് ഒക്കെ നന്നായിരുന്നു എനിക്കേറെ ഇഷ്ടമായി. അതാണല്ലോ പ്രധാനം.
തോൽക്കാൻ എനിക്കിഷ്മില്ലെങ്കിലോ ”
മോഹൻ ലാലിനെ ഉയരങ്ങളിലെത്തിച്ച ഉഗ്രൻ കഥാപാത്രം.
”ദാസേട്ടൻ ഒന്നും മറന്നില്ലല്ലെ ” എന്ന പാർവ്വതിയുടെ ചോദ്യത്തിനു ശേഷം പരക്കുന്ന ഒരു നിശബ്ദ്ധതയുണ്ട്!
6 സെക്കൻ്റ് ക്ലോസ് അപ് ഷോട്ടിൽ ഓർമകളിലേക്കൊരു യാത്രയുണ്ട് അമൃതംഗമയിൽ.
എം ടിയുടെ തിരക്കഥകളെ പ്രണയിച്ച നാളുകൾ.
വെളിച്ചം ഏത് ഭാഗത്ത് നിന്ന് എന്ന് വരെ കുറിച്ചു വച്ചിരിക്കും.
‘തെക്കോട്ട് പോയോ എന്ന് ചോദ്യം?
അതെ അല്ല ഉത്തരം.
തെക്കോട്ട് പോയി വടക്കോട്ട് തിരിഞ്ഞു എന്ന് പറയാൻ പറ്റില്ല അതാണ് കോടതിയുടെ രീതി. ഉവ്വ് അല്ലെങ്കിൽ അല്ല എന്ന് ഉത്തരം. സത്യം അതിൻറെ ഇടയിൽ എവിടെയോ ആവുമ്പോൾ എന്ത് ചെയ്യാൻ പറ്റും?
സദയത്തിൽ തൂക്കുകയർ കാത്തു കിടക്കുന്ന സത്യനാഥൻ എന്ന കഥാപത്രത്തിലൂടെ എം ടി വരക്കുന്നൊരു വരയുണ്ട്!
സാമൂഹ്യവിമർശനത്തിൻ്റെ സകല നിറവും കലർന്ന ഒരു സറിയലിസ്റ്റ് കാൻവാസ്.
പെരുന്തച്ചൻ മകനെ ആട്ടിയിറക്കുന്ന ഒരു രംഗം. മകൻറെ മറുപടി ഇങ്ങനെ, ഓട്ട് വിളക്കിൻ്റെ വെളിച്ചത്തിലൊരു ഷോട്ട് .
“പെരുന്തച്ചന്റെ മകനെന്ന് അഹങ്കരിച്ചു പറഞ്ഞിരുന്നു.
ഇനി പറയില്ല .
പെറ്റ തള്ള പറച്ചിയാണെന്നത് സൗകര്യത്തിൽ മറന്നു. ബ്രാഹ്മണ ബീജത്തിന്റെ ശ്രേഷ്ഠത വാദിക്കാൻ ഭയന്നു. അതാണ് പെരുന്തച്ചന്റെ മഹിമ!
എം ടി എന്ന സിനിമാക്കാരൻ ഏറെ പറഞ്ഞിരുന്നു നമ്മളോട് !
സുകൃതത്തിലെ രവിശങ്കർ . ജീവിതത്തെ വീണ്ടും മരണത്തെപ്പോലെ തിരിച്ചറിയാൻ നമ്മെ പ്രാപ്തമാക്കിയ കഥാപാത്രം.
പ്രതികാരത്തിന്റെയും ചതിയുടെയും കഥ പറയുന്ന താഴ് വാരത്തിലെ ബാലൻ.
ഇന്ദിര എന്ന ശക്തമായ സ്ത്രീകഥാപാത്രത്തിന്റെ ഒപ്പം ഏറെക്കാലം മലയാളികളെ സഞ്ചരിപ്പിച്ച പഞ്ചാഗ്നി.
ഏറെ ഏറെ എംടിയെ അറിഞ്ഞത് തിരക്കഥകളിലൂടെയായിരുന്നല്ലൊ!
ഓരോ കാലത്തും മഞ്ഞ് വായിച്ചത് ഓരോ രീതികളിലായിരുന്നു .കാത്തിരിപ്പ് – നൈനിറ്റാളിലെ തണുപ്പ് പോലെ പ്രണയാർദ്രമായി അതിങ്ങനെ കനം കെട്ടി കിടന്നു .
നമ്മളെ എവിടെയൊക്കെയോ ചേർത്തുനിർത്തിക്കൊണ്ട് ഒരാൾ നമ്മോടൊപ്പം നടന്നുപോയതിന്റെ വഴികളിലാണ് കാലം കാത്തു നിന്നത്.
സുഭാഷ് ചന്ദ്രൻ പറഞ്ഞതു പോലെ മറ്റൊരു വഴിയിൽ എം ടി ഉണ്ടെന്ന ഉറപ്പ് എത്രമാത്രം ഊർജ്ജസ്വലമാണ് നമുക്കെന്നും.
കാലം
സമ്മാനിക്കുന്നത് എം ടി എന്ന വേരുന്നിയ വൃക്ഷത്തിന്റെ തണലുറങ്ങും വഴികൾ തന്നെ.