റെയിൽവേയുടെ ചേമഞ്ചേരി സ്റ്റേഷനോടുള്ള അവഗണനക്കെതിരെ ജനകീയ ആക്ഷൻ കമ്മിറ്റി പ്രതിഷേധത്തിനൊരുങ്ങുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ, തൃശൂർ-കണ്ണൂർ, മംഗളൂരു കോഴിക്കോട് എന്നീ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃ സ്ഥാപിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ കാപ്പാടിന് തൊട്ടടു ത്തുള്ള റെയിൽവേ സ്റ്റേഷനാണിത്.
ടൂറിസത്തിന്റെ പ്രാധാന്യം വർധിച്ചതോടെ നൂറുകണക്കിന് വിനോദസഞ്ചാരികൾ കാപ്പാട് എത്തുന്നുണ്ട്. സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ സമരത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച പ്രദേശമാണ് ചേമഞ്ചേരി. സ്വാതന്ത്ര്യ സമരത്തിന്റെ ജീവിക്കുന്ന തെളിവുകളിലൊന്നായി ചരിത്രകാരന്മാർ രേഖപ്പെടുത്തുകയും ചരിത്രവിദ്യാർത്ഥികൾ സന്ദർശിക്കുകയും ചെയ്യുന്ന സ്റ്റേഷനെ ചരിത്ര സൂക്ഷിപ്പെന്ന നിലയ്ക്കും സംരക്ഷിക്കേണ്ടതുണ്ട്.
കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളുടെയും സ്റ്റോപ്പുകൾ സ്റ്റേഷനുകൾ പുനഃസ്ഥാപിച്ചു കഴിഞ്ഞു. റെയിൽവേ അധികൃതരോടും കേന്ദ്രസർക്കാരിനോടും പല രീതിയിൽ അഭ്യർഥിച്ചിട്ടും ചേമഞ്ചേരി സ്റ്റേഷന് അനുകൂലമായ നടപടി ഉണ്ടാകുന്നില്ല. പുതിയ ദേശീയപാതയുടെ പ്രവർത്തിയും ചേമഞ്ചേരി സ്റ്റേഷനെ പരിഗണിക്കാതെയാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് ഭാഗത്തെ സർവീസ് റോഡിൽ നിന്നും സ്റ്റേഷനിലേക്ക് എത്താനും ദേശീയ പാതയിലേക്ക് സർവീസ് റോഡിൽ നിന്ന് കയറാനും കയറാനും കഴിയേണ്ടതുണ്ട്.
ഈ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ആക്ഷൻ കമ്മിറ്റി തിങ്കളാഴ്ച വൈകിട്ട് 5.30 മുതൽ ആറു മണിവരെ പ്രതിഷേധ ജ്വാല തീർക്കും. ചേമഞ്ചേരി സ്റ്റേഷൻ വികസനം പൂർത്തിയാകുന്നതുവരെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടുന്ന ജനകീയ പ്രക്ഷോഭ സമിതി തുടർസമരത്തിന് തയ്യാറെടുത്തിരിക്കുകയാണ്.