63ാമത് സംസ്ഥാന കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് പുരോഗമിക്കുന്നു. ജനുവരി 4 മുതൽ 8 വരെ ഇനി കലയുടെ പൂരമാണ്. 25 വേദികളിലായിട്ടാണ് 63 മത് കലോത്സവം നടക്കുക. ഭാരതപ്പുഴ, പെരിയാര്‍, പമ്പയാര്‍ മുതൽ കല്ലായി പുഴ കടന്ന് ചിറ്റാരി പുഴ വരെ നീണ്ടു നിൽക്കുന്ന വേദികൾ.
ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി എ ഗ്രേയ്ഡുമായി തലസ്ഥാനത്ത് നിന്നും മടങ്ങാനായിരിക്കും ഓരോ മത്സരാര്‍ത്ഥിയും എത്തുന്നത്. സെൻട്രൽ സ്റ്റേഡിയമാണ് കലോത്സവത്തിന്റെ പ്രധാന വേദി. ജനുവരി 4ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെയാണ് കലാ മാമാങ്കത്തിന് കൊടിയേറുക. പിന്നിടുള്ള നാല് ദിനങ്ങൾ കലാപൂരത്തിലാകും തലസ്ഥാനം.
കൗമാര കലാകാൻമാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം. മാമാങ്കത്തിന്റെ വരവ് അറിയിക്കുന്ന രചനകൾ തലസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. പതിവ് തെറ്റിക്കാതെ കലാമേളക്ക് എത്തുന്നവര്‍ക്ക് ഇത്തവണയും ഭക്ഷണം ഒരുക്കുന്നത് പഴയിടം മോഹനന്‍ തിരുമേനിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. കഴിഞ്ഞ തവണ കണ്ണൂര്‍ സ്വന്തമാക്കിയ കപ്പ് ഇത്തവണ ആരുയർത്തും എന്നറിയാൻ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.