ആദരണീയനായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കെപിസിസി രണ്ട് ദിവസത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസിയും ഡിസിസികളും ഡിസംബർ 26ന് നടത്തുവാൻ പ്രഖ്യാപിച്ചിരുന്ന സമ്മേളനങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ാം തീയതിയിലേക്ക് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി പുന:നിർണ്ണയിച്ചതായി കെപിസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു. പ്രസ്തുത പരിപാടികൾ ഡിസംബർ 28ാം തീയതി മുൻ നിശ്ചയിച്ച സമയത്ത് നടക്കുന്നതായിരിക്കും.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
ബേപ്പൂർ വാട്ടർ ഫെസ്റ്റ്: 26, 27 തീയ്യതികളിലെ പരിപാടികൾ റദ്ദാക്കി. എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതിനാൽ ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഡിസംബർ 26, 27 തീയ്യതികളിലെ മുഴുവൻ പരിപാടികളും റദ്ദാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബർ 28 ന് നടക്കും. 29 ലെ പരിപാടികൾ നേരത്തെ നിശ്ചയിച്ചതനുസരിച്ച് നടക്കും.