ഒരു തുണ്ട് ഭൂമിക്കായി സഹോദരങ്ങൾ പോലും കലഹിച്ചുപിരിയുന്ന ഈ കെട്ട കാലത്ത് കാരയാട് തണ്ടയിൽ താഴെ മേലിപ്പുറത്ത് ബീരാൻകുട്ടി ഹാജി മനുഷ്യസ്നേഹത്തിന് ഉദാത്ത മാതൃക തീർക്കുന്നു. കിടപ്പാടമില്ലാത്ത ഒരു കുടുംബത്തിന് ഭൂമി ദാനം ചെയ്ത അറുപത്തിരണ്ടുകാരനായ ബീരാൻകുട്ടി ഹാജി ആറുവർഷത്തോളമായി കുരുടിമുക്കിൽ ഓട്ടോ ഡ്രൈവറാണ്. അതിന് മുമ്പ് കൊയിലാണ്ടി-അഞ്ചാം പീടിക റൂട്ടിൽ ടാക്സി ജീപ്പ് ഡ്രൈവറായിരുന്നു.
അരിക്കുളം പഞ്ചായത്തിലെ മൂന്നാം വാർഡിൽ മേലിപ്പുറത്ത് താഴെ കുടുംബ വകയിൽ കിട്ടിയ ഇരുപത്തിനാല് സെന്റ് ഭൂമിയിൽ നിന്നും മൂന്ന് സെന്റ് നിരാലംബരും നാട്ടുകാരുമായ ദമ്പതികൾക്കാണ് അദ്ദേഹം ദാനം ചെയ്തത്. സ്വന്തമായി ഭൂമിയും സമ്പത്തും അദ്ദേഹത്തിന് ഒരുപാടൊന്നുമില്ല. നിത്യേന മുസാഫിർ എന്ന പേരുള്ള ഓട്ടോ ഓടിച്ച് ജീവിതമാർഗം കണ്ടെത്തുന്നു. അറബിയിൽ മുസാഫിർ എന്നാൽ സഞ്ചാരി എന്നർത്ഥം. ഭൂമിയിൽ നമ്മളെല്ലാം സഞ്ചാരികൾ മാത്രമാണ്. പടച്ചോന്റെ കണക്ക് പുസ്തകത്തിൽ ആയുസ് തീരുമ്പോൾ മനുഷ്യരെല്ലാം പരലോകത്തേക്ക് പോകും. ജീവിച്ചിരിക്കുമ്പോൾ ഏറ്റവും ദരിദ്രനായ ഒരാളുടെ കണ്ണീരൊപ്പുന്നത് മതവിശ്വാസിയും കോൺഗ്രസുകാരനുമായ എനിയ്ക്ക് ഹൃദയം നിറഞ്ഞ സംതൃപ്തി നൽകുന്നു.- ബീരാൻകുട്ടി ഹാജി സന്തോഷത്തോടെ പറയുന്നു.
കാരയാട് ഒന്നാം വാർഡ് 148 ബൂത്ത് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കൂടിയായാണ് ബീരാൻകുട്ടി ഹാജി. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ ഭാര്യ ജമീലയുടെയും മക്കളുടെയും സഹായം അദ്ദേഹത്തിനുണ്ട്. ജനുവരി 2ന് ഏക്കാട്ടൂരിൽ നടക്കുന്ന ഉമ്മൻചാണ്ടി ചാരിറ്റബിൾ സെന്റർ ഉദ്ഘാടന പരിപാടിൽ ഭൂമിയുടെ പ്രമാണം ഷാഫി പറമ്പിൽ എം പി ദമ്പതികൾക്ക് കൈമാറും. ബീരാൻകുട്ടി ഹാജിക്ക് പിന്തുണയുമായി ഉറ്റ സുഹൃത്തുക്കളും കോൺഗ്രസ് പ്രവർത്തകരുമായ ശിവൻ ഇലന്തിക്കരയും ഹാഷിം കാവിലുമുണ്ട്.