നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്നും ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. സാഹചര്യ തെളിവുകളോ ഡിജിറ്റല്‍ തെളിവുകളോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് അടുത്തയാഴ്ച സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
അതേസമയം, നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കാന്‍ ശ്രമിച്ച് മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇതോടെ പി പി ദിവ്യക്ക് നഷ്ടമായത്. പി പി ദിവ്യ മാനസികമായി നവീന്‍ ബാബുവിനെ ദ്രോഹിച്ചിരുന്നുവെന്നും ഇല്ലാത്ത ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.