മുക്കം: വിദ്യാർത്ഥികളുടെ കലാ സാഹിത്യ മികവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന സർഗവസന്തത്തിന്റെ സംസ്ഥാന തല മൽസരങ്ങൾക്ക് മുക്കം ഗ്രീൻ വാലി കാമ്പസിൽ ഉജ്ജ്വല തുടക്കം. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും സാമൂഹ്യ മാറ്റത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. നൻമകൾ നട്ടുവളർത്താനും തിൻമകൾ ഇല്ലായ്മ ചെയ്യാനും ഇവയിലൂടെ സാധ്യമാവും . അനുവാചകന്റെ അനുഭൂതി മണ്ഡലത്തില്‍ ഉണ്ടാക്കുന്ന പ്രതികരണമെന്ത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കലാസാഹിത്യങ്ങള്‍ സ്വീകാര്യമാവുന്നതും തിരസ്കരിക്കപ്പെടുന്നതും. നവതലമുറയുടെ സർഗസിദ്ധി ശരിയാംവിധം വളർത്തിയെടുക്കേണ്ടത് സൃഷ്ടിപരമായി ചിന്തിക്കുന്ന ഏതൊരു സമൂഹത്തിന്റെയും ബാധ്യതയാണ്. ഉദ്ഘാടന പ്രസംഗത്തിൽ പി എൻ അബ്ദുല്ലത്തീഫ് മദനി പറഞ്ഞു.
വിസ്ഡം എജ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം അധ്യക്ഷത വഹിച്ചു. ഗ്രീൻ വാലി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഹമീദ് മാസ്റ്റർ, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ആക്ടിംഗ് പ്രസിഡൻ്റ് സി.പി. അബ്ദുൽ അസീസ്, വിസ്ഡം മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ പറവണ്ണ , കോഴിക്കോട് നോർത്ത് ജില്ല പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് പ്രസംഗിച്ചു. സംസ്ഥാന ജനറൽ കൺവീനർ പി.കെ അംജദ് മദനി സ്വാഗതവും ഐ.പി.മൂസ മദനി നന്ദിയും പറഞ്ഞു.
85 ഇനങ്ങളിലായി 1200 കലാപ്രതിഭകൾ മൽസരിക്കുന്ന സർഗവസന്തം ഇന്ന് സമാപിക്കും.
ഇതുവരെ പ്രഖ്യാപിച്ച മൽസരഫലങ്ങളുടെ അടിസ്ഥാനത്തിൽ മലപ്പുറം ഈസ്റ്റ് ജില്ല 158 പോയിൻ്റ് കൾ ഒന്നാം സ്ഥാനത്തും കാസർകോഡ് ജില്ല 139 പോയിന്റ് നേടി രണ്ടാം സ്ഥാനത്തും പാലക്കാട് ജില്ല 136 പോയിൻ്റ് നേടി മൂന്നാം സ്ഥാനത്തും തുടരുന്നു.