വടകര കരിമ്പനപാലത്ത് കാരവനില്‍ മൃതദേഹം കണ്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. സ്ഥലത്ത് ഫോറന്‍സിക് സംഘവും ഇന്ന് പരിശോധന നടത്തും. വടകര കരിമ്പനപ്പാലത്താണ് സംഭവം ഉണ്ടായത്. KL 54 P 1060 നമ്പർ കാരവനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിശ്രമിക്കുന്നതിനിടയിൽ എസിയുടെ തകരാർ മൂലം വിഷവാദകം ശ്വസിച്ച് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഡ്രൈവർ മലപ്പുറം സ്വദേശി മനോജ്, സഹായി കാസർകോട് സ്വദേശി ജോയൽ എന്നിവരുടെ മൃതദേഹങ്ങളാണ് വാഹനത്തിനുള്ളിൽനിന്ന് കണ്ടെത്തിയത്. കാരവൻ നിർത്തി ഉറങ്ങാൻ കിടന്നതിനിടെ എസിയിൽ നിന്നുള്ള വാതകം ശ്വസിച്ചതാകാം ഇരുവരുടെയും മരണകാരണമെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. ഫൊറൻസിക്, വിരലടയാള വിദഗ്ധർ തുടങ്ങിയവർ ഇന്ന് വിശദമായ പരിശോധന നടത്തും.
പൊന്നാനിയിൽ രജിസ്റ്റർ ചെയ്ത വാഹനമാണ്. ഫ്രന്റ് ലൈൻ ഹോസ്പിറ്റാലിറ്റിയുടേതാണ് വാഹനമെന്നും നാസർ എന്നയാളുടെ പേരിലാണിതെന്നും പൊലീസ് അറിയിച്ചു. കാരവൻ രണ്ട് ദിവസമായി നിർത്തിയിട്ടത് സംശയം തോന്നി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുന്നു.
കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം നിർത്തിയിട്ട കാരവനിൽ തിങ്കളാഴ്ച രാത്രി 8:30ഓടെയാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നീടാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. മലപ്പുറം എടപ്പാളിലുള്ള ഹോസ്പിറ്റാലിറ്റി കമ്പനിയുടെ ജീവനക്കാരാണ് മനോജും ജോയലും. കുന്നംകുളത്തു നിന്നുള്ള വിവാഹ സംഘത്തെ കണ്ണൂരിൽ ഇറക്കി തിരിച്ച് എടപ്പാളിലേക്ക് പോകുകയായിരുന്നു കാരവൻ.