സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങൾ മുറുകെപ്പിടിക്കാം ഈ ക്രിസ്മസ് രാവ് സന്തോഷപ്രദമാകട്ടെ : സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ക്രിസ്മസ് സന്ദേശം

ലോകസമൂഹം ബത്ത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശു അഥവാ ഈസ ബ്‌നു മറിയമിന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സഹനത്തിന്റേയും ത്യാഗത്തിന്റേയും ലോകസമാധാനത്തിന്റെയും ശാന്തിയുടെയും പ്രതിരൂപമായാണ് യേശു ജീവിച്ചത്. കാലിത്തൊഴുത്തില്‍ ജനിച്ചവര്‍ ലോകനായകനായി. സമാധാനത്തിന്റെ ദൂതനായി. ആ ജീവിതം മുഴുവന്‍ പങ്കുവെച്ച സന്ദേശം മാനവികതയുടേതായിരുന്നു. ആ മാനവിക മൂല്യങ്ങള്‍ തന്നെയാണ് പ്രവാചകര്‍ മുഹമ്മദ് നബിയും മറ്റു പ്രവാചകന്മാരും പകര്‍ന്നു നല്‍കിയത്. എല്ലാ മതങ്ങളും പകര്‍ന്നു നല്‍കുന്ന അടിസ്ഥാന മൂല്യങ്ങളും നന്മയാണ്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ സ്‌നേഹവും സാഹോദര്യവും കളിയാടാന്‍ യേശു ക്രിസ്തുവും മുഹമ്മദ് നബിയുമെല്ലാം പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ മുറുകെ പിടിച്ചാല്‍ മതിയാകും. ജാതി, മത ചിന്തകള്‍ക്കതീതമായി ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഒന്നിച്ചുനില്‍ക്കുക. പരസ്പരം സ്‌നേഹവും സഹോദര്യവും സമാധാനവും പ്രസരിപ്പിക്കുക. ലോകശാന്തിക്കായി പ്രവര്‍ത്തിക്കുക, പ്രാര്‍ത്ഥിക്കുക. ഇങ്ങനെ ആശയ ഭിന്നതകള്‍ പരിഹരിക്കാന്‍ കാത്തുനില്‍ക്കാതെ, ആശയ ഐക്യമുണ്ടാകാതെയും സ്‌നേഹത്തിന്റെ പുന്തോപ്പില്‍ ഒന്നിച്ചിരിക്കാന്‍ നമുക്ക് സാധിക്കണം.
ദിവസങ്ങള്‍ക്ക് മുമ്പാണ് വത്തിക്കാന്‍ സന്ദര്‍ശിച്ചത്. ആ ചെറുനാട് ലോകത്തെ വരവേല്ക്കുന്നത് കാണാന്‍ തന്നെയൊരു ചന്തമാണ്. അവിടെ നിന്നും പകര്‍ന്നുകിട്ടുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാധുര്യം അളവറ്റതാണ്. മത, രാഷ്ട്ര, വംശ, വര്‍ഗ ഭേദമന്യെ എല്ലാവരെയും സ്വീകരിക്കുന്നു ആ നാട്. വത്തിക്കാന് ഏതാനും കിലോമീറ്ററുകള്‍ മാത്രം ദൂരെയാണ് റോമിലെ ഗ്രാന്റ് മോസ്‌ക്. ആ പള്ളിതന്നെ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായാണ് മൂന്ന് പതിറ്റാണ്ട് കാലമായി അവിടെ തലയുയര്‍ത്തിനില്‍ക്കുന്നത്. 1974ല്‍ റോമന്‍ സിറ്റി കൗണ്‍സില്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടെ ഫഹദ് രാജാവും മറ്റുമുസ്‌ലിം നേതാക്കളും രാജ്യങ്ങളും പണം ചെലവഴിച്ചാണ് ആ വലിയ പള്ളി നിര്‍മിച്ചത്. വത്തിക്കാന്‍ സന്ദര്‍ശിക്കുന്നവര്‍ അവിടെയുമെത്തും. സൗഹൃദം പങ്കുവെക്കുകയും സംസ്‌കാരങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്യും.
ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനും അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടല്‍ നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യം അനേകര്‍ക്ക് സാന്ത്വനം പകരുന്നുണ്ട്. അദ്ദേഹത്തില്‍ ദര്‍ശിച്ച അതേ മൃദുല ഭാവം തന്നെയാണ് പാണക്കാട്ടേക്ക് ക്രിസ്മസിന് കേക്കുമായി വരുന്ന ക്രിസ്തീയ പുരോഹിതന്മാരിലും ഓണത്തിനും വിഷുവിനും പായസവുമായി വരുന്ന ക്ഷേത്ര തന്ത്രിമാരിലും കാണുന്നത്.
മതങ്ങളെയും മതമൂല്യങ്ങളെയും തള്ളിപ്പറയുന്നവര്‍ അവസാനമെത്തിച്ചേരുക സ്വന്തത്തിന്റെയും സമൂഹത്തിന്റെയും വിനാശത്തിലാണ്. കഴിഞ്ഞ ദിവസം ജര്‍മനിയില്‍ നാം കണ്ട കാഴ്ച അതാണ്. മതത്തെ ധിക്കരിച്ച എക്‌സ് മുസ്്‌ലിം ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് വാഹനമിടിച്ചു കയറ്റി നിരവധിയാളുകളുടെ ജീവന് അപായം വരുത്തി. മതങ്ങളുടെ അന്തസത്ത മനസിലാക്കാത്തതുകൊണ്ടാണ് അത്. അക്രമങ്ങളെ ആശ്രയിക്കാതെ, ആളുകളുമായി സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ച് ആത്മീയമായ വിജയം നേടാനാകുമെന്നത് തീര്‍ച്ചയാണ്. അതാണ് ജീവിതത്തില്‍ നാമെല്ലാവരും അനുവര്‍ത്തിക്കേണ്ടത്.
വര്‍ത്തമാന ഇന്ത്യയില്‍ ഇത്തരം മാനുഷിക ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയെന്നത് അതീവ കഠിനമാണെന്നാണ് പുറത്തുനിന്നും നോക്കുന്നവര്‍ക്ക് തോന്നുക. എന്നാല്‍ ഇന്ത്യയുടെ പാരമ്പര്യം സ്നേഹത്തിലും സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നിയതാണ്. അതുകൊണ്ട് തന്നെയാണ് ഓരോ ആഘോഷങ്ങളിലും ജാതി, മത ഭേദമന്യെ നാം പങ്കാളികളാകുന്നത്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷവും നാമെല്ലാവരുടേതുമാണ്. സ്നേഹവും സാഹോദര്യവും ത്യാഗവും സഹനവും സ്വജീവിതത്തിലൂടെ മാലോകര്‍ക്ക് പകര്‍ന്നുനല്‍കിയാണ് യേശു അഥവാ ഈസ നബി (അ) ഈ ഭൂമിയില്‍ നിന്നും ദൈവത്തിങ്കലേക്ക് ഉയര്‍ത്തപ്പെട്ടത്.
മതങ്ങള്‍ പകര്‍ന്നുനല്‍കുന്ന സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങള്‍ മുറുകെ പിടിച്ച് നമുക്ക് എല്ലാദിവസവും മാനവികത ആഘോഷിക്കാം.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം നമ്പൂരിയോത്ത് മീത്തൽ എൻ എം മണിപ്രസാദ് അന്തരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്