പയ്യോളി ക്രാഫ്റ്റ് വില്ലേജിൽ നിന്ന് ബേപ്പൂർ വരെയുള്ള ടൂറിസം പദ്ധതിയ്ക്ക് 96 കോടി രൂപ സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ വിവിധ ടൂറിസം സർക്യൂട്ടുകൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നൽകിയ പദ്ധതിയ്ക്കാണ് കേന്ദ്രം അംഗീകാരം നൽകിയതെന്നും മന്ത്രി പറഞ്ഞു. ചാലിയം ബീച്ചിൽ ഓഷ്യാനസ് ചാലിയം ബീച്ച് വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പുഴയും കടലും തമ്മിൽ ഒന്നിക്കുന്ന മനോഹരമായ തീരമാണ് ചാലിയാർ. പ്രത്യേകതരം പുലിമുട്ട്, ആകർഷകമായി ലാൻഡ്സ്കേപിംഗ്, മുള കൊണ്ടുള്ള ഇരിപ്പിടങ്ങൾ, കണ്ടെയ്നർ ടോയ്ലറ്റുകൾ, ലൈറ്റിംഗ്, പ്രത്യേകമായി ഡിസൈൻ ചെയ്ത കടകൾ ഇതെല്ലാം ചാലിയാർ തീരത്ത് ഓഷ്യാനസ് ചാലിയം പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുലിമുട്ടിന്റെയും ബീച്ചിന്റെയും സൗന്ദര്യവൽക്കരണ പ്രവർത്തികൾ നടപ്പിലാക്കിയതോടെ പ്രദേശത്തിൻ്റെ മുഖച്ഛായ മാറ്റുന്നതിനും ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് ബീച്ചിൽ നിന്നും ബേപ്പൂർ ബീച്ചിലേക്ക് ഉല്ലാസ നൗക സർവീസ് ഉടൻ ആരംഭിക്കാനാകും. ഇങ്ങനെ ബീച്ച് ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി കോഴിക്കോടിനെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
കാട് മൂടി ഉപയോഗശൂന്യമായി കിടന്ന ചാലിയം കടൽത്തീരവും സമീപത്തെ പുലിമുട്ടും ടൂറിസം വികസന പ്രവർത്തികൾ നടപ്പിലാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ച് ആയി രൂപപ്പെടുത്തിയ ‘ഓഷ്യാനസ് ചാലിയം’ ടൂറിസം പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി 9.53 കോടി രൂപയുടെ വികസന പ്രവർത്തികളാണ് ടൂറിസം വകുപ്പ് നടപ്പിലാക്കിയത്.
ചടങ്ങിൽ കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി. ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. കെ. ശൈലജ, വാർഡ് മെമ്പർ ടി.കെ റബീലത്ത്, വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിൻറ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡിടിപിസി സെക്രട്ടറി ടി നിഖിൽദാസ്, ടി. രാധാഗോപി തുടങ്ങിയവർ പങ്കെടുത്തു.