കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ ‘കാരുണ്യ സ്പര്‍ശം — സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പ്രത്യേക കൗണ്ടര്‍ വഴിയാണ് കാന്‍സര്‍ മരുന്നുകള്‍ വിതരണം ചെയ്തു വരുന്നത്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി വീണാ ജോര്‍ജ് മുന്‍കൈയ്യെടുത്ത് പദ്ധതി ആരംഭിച്ചത്. 40,000 രൂപ വിലവരുന്ന മരുന്നുകള്‍ കേവലം 6,000 രൂപ മാത്രം ഈടാക്കി ഈ കൗണ്ടര്‍ വഴി വില്പന നടത്തി വരുന്നു.
കാന്‍സര്‍ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റായി ലഭ്യമാക്കുന്നു. ആരംഭത്തില്‍ 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കിയത്. ഇപ്പോഴത് 252 മരുന്നുകളാക്കി. കാരുണ്യ സ്പര്‍ശം കൗണ്ടറുകളില്‍ പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെ കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴിയാണ് ഉയര്‍ന്ന വിലയുള്ള ആന്റി കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം.