ഗുരുവായൂരില്‍ ഭക്തജനത്തിരക്ക്, ഒറ്റ ദിവസത്തെ വരുമാനം ഒരു കോടി രൂപ

മണ്ഡല കാലത്തിനൊപ്പം ക്രിസ്മസ് അവധിക്കാലം കൂടിയായതോടെ ഗുരുവായൂരില്‍ ഭക്തജനത്തിരക്ക്. ശനി, ഞായര്‍ ദിവസങ്ങളില്‍ നിയന്ത്രണാതീതമായ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.  തിരക്ക് കാരണം പുറത്തെ വരിയില്‍ നിന്നുള്ള ഭക്തരെ നേരെ കൊടിമരം വഴിയാണ് നാലമ്പലത്തിന് ഉള്ളിലേക്ക് ഈ രണ്ട് ദിവസങ്ങളിലും പ്രവേശിപ്പിച്ചത്. തിരക്ക് കൂടിയതോടെ അതിന് ആനുപാതികമായി വഴിപാടുകളുടെ എണ്ണവും കൂടി. ഞായറാഴ്ച മാത്രം ഒരു കോടിയോളം രൂപയാണ് വഴിപാട് ഇനത്തില്‍ മാത്രം ഗുരുവായൂര്‍ ക്ഷേത്രത്തിലെ വരുമാനം. വരി നില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയത് വഴിയുള്ള വരുമാനം 29 ലക്ഷം കടന്നു. 

തുലാഭാരം വഴിപാടില്‍ 20 ലക്ഷത്തോളം രൂപയും പാല്‍പ്പായസം ശീട്ടാക്കിയത് വഴി അഞ്ച് ലക്ഷത്തോളം രൂപയും ആണ് ലഭിച്ചത്. ഈ ദിവസങ്ങളില്‍ 139 വിവാഹങ്ങളും ക്ഷേത്രത്തില്‍ നടന്നു. വധൂവരന്മാരും ഫോട്ടോഗ്രാഫര്‍മാരുമുള്‍പ്പെടെ 20 പേരെ മാത്രമേ ഒരു വിവാഹ സംഘത്തോടൊപ്പം മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. വിവാഹ സംഘത്തിന്റെ തിക്കും തിരക്കും ക്ഷേത്രനടയില്‍ പ്രകടമാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ രജിസ്ട്രേഷന്‍ കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വിവാഹ സംഘങ്ങള്‍ക്കും ഗുണപരമായി. 469 കുട്ടികളുടെ ചോറൂണും ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വെച്ച് നടന്നു. 

Leave a Reply

Your email address will not be published.