സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിലൂടെ പഠനം പൂര്‍ത്തിയാക്കി ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പത്മിനി നിടുളിയെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ പുത്തന്‍ പുരയില്‍ അധ്യക്ഷം വഹിച്ചു. അംഗം എന്‍.എം വിമല, സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിപി അബ്ദുള്‍ കരീം, എല്‍.എസ്.ജി.ഡി ഡപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ്, ജില്ലാ പഞ്ചായത്ത് ജെ.എസ് പിആര്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സ് രണ്ടാം ബാച്ചിലെ പഠിതാവായിരുന്നു കൊയിലാണ്ടി എടക്കുളം സ്വദേശിയും ഖാദി തൊഴിലാളിയുമായ പത്മിനി. തുല്യത പരീക്ഷയില്‍ 1200-ല്‍ 1002 മാര്‍ക്ക് നേടിയാണ് കോഴ്‌സ് പാസ്സായത്. ശേഷം പൊളിറ്റിക്കല്‍ സയന്‍സില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും 54-ാം വയസ്സില്‍ ബിരുദാനന്തര ബിരുദവും നേടി. ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം ക്ലാസ്സോടെയാണ് പത്മിനി പാസ്സായത്. നിലവില്‍ ത്രിവത്സര എല്‍എല്‍ബി പ്രവേശനം നേടാനുള്ള പരിശ്രമത്തിലാണ്.
ജീവിത സാഹചര്യങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന തന്നെപ്പോലെയുള്ളവര്‍ക്ക് സാക്ഷരത മിഷന്റെ തുല്യത കോഴ്‌സുകള്‍ പുതിയ വഴിയാണ് തുറന്നു നല്‍കുന്നതെന്ന് മറുപടി ഭാഷണത്തില്‍ പത്മിനി പറഞ്ഞു. പഠിക്കുക, ബിരുദം നേടുക എന്ന വലിയ മോഹമാണ് സാക്ഷരത മിഷന്റെ പിന്തുണയോടെ സാധിച്ചതെന്നും അവര്‍ പറഞ്ഞു.