നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഉള്‍പ്പെടെ ദേശീയ പാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പെരുവട്ടൂര്‍ കോട്ടക്കുന്ന് ചാലോറ മലയില്‍ നിന്ന് മണ്ണെടുക്കാനുളള നീക്കം അധികൃതര്‍ ശക്തമാക്കി. ജനകീയ പ്രതിഷേധം നിലനില്‍ക്കെ പോലീസ് സഹായത്തോടെ ചാലോറ മലയിലേക്ക് പാതയൊരുക്കി. തുടര്‍ ദിവസങ്ങളില്‍ ടോറസ് ലോറികളുപയോഗിച്ച് ഇവിടെ നിന്ന് മണ്ണെടുക്കാനാണ് നീക്കം. മണ്ണ് മാന്തി യന്ത്രവും ഹിറ്റാച്ചിയും ഉപയോഗിച്ചാണ് ചാലോറ മലയിലേക്ക് റോഡ് നിര്‍മ്മിച്ചത്. മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടയുമോ എന്ന ആശങ്കയുള്ളതിനാല്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് റോഡ് നിര്‍മ്മിച്ചത്. വടകര ഡി.വൈ.എസ്.പി. ആര്‍.ഹരിപ്രസാദ്, കൊയിലാണ്ടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലിസ് സന്നാഹം. ജിയോളജിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. കാര്യമായ പ്രതിഷേധം ഒന്നും ഇല്ലാത്തതിനെ തുടര്‍ന്ന് മുക്കാല്‍ കിലോ മീറ്ററോളം നീളത്തില്‍ റോഡ് നിര്‍മ്മിച്ച് കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് റോഡ് വെട്ടാന്‍ കമ്പനി തൊഴിലാളികളുമായി എത്തിയിരുന്നെങ്കിലും സമരക്കാര്‍ ഇടപെട്ടതിനാല്‍ തിരിച്ച് പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ വെച്ച് നടന്ന അദാലത്തില്‍ പൊതു മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ബൈപ്പാസ് ഉള്‍പ്പെടെയുള്ള ദേശീയപാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കമ്പനിയോടും ആവശ്യമായ നടപടിയെടുക്കാന്‍ പോലീസിനോടും ആവശ്യപ്പെട്ടിരുന്നു. മണ്ണിന്റെ ലഭ്യത കുറവാണ് നിര്‍മ്മാണം വൈകുന്നതെന്ന് കമ്പനി പറയുന്നത്. 50,000 ക്യൂബിക് ടണ്‍ മണ്ണെടുക്കാന്‍ കമ്പനി ജിയോളജി വകുപ്പില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. ചാലോറ മലയിലെ സ്ഥലത്തിനും ജിയോളജി അനുമതി നല്കിയതാതായി കമ്പനി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ പറഞ്ഞു. മണ്ണ് സുലഭമായി കിട്ടിയാല്‍ വെങ്ങളം മുതല്‍ നന്തി വരെ ത്വരിതഗതിയില്‍ പ്രവർത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് നിര്‍മ്മാണ കമ്പനി പറയുന്നത്. ചാലോറ മലയിലേക്ക് റോഡ് പൂര്‍ത്തിയായാല്‍ മണ്ണെടുപ്പ് സജീവമാകും. ഇതിനിടയില്‍ മണ്ണെടുപ്പിനെതിരെ നാട്ടുകാര്‍ കോടതിയെ സമീപിക്കാനുളള നീക്കവും നടക്കുന്നുണ്ട്.
ചാലോറ മലയില്‍ നിന്ന് മണ്ണെടുത്താല്‍ പ്രദേശത്ത് രൂക്ഷമായ പരിസ്ഥിതി പ്രശ്‌നം ഉടലെടുക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കുടിവെള്ള പ്രശ്‌നം രൂക്ഷമാകും. മണ്ണെടുക്കുന്നതോടെ സമീപത്തെ കനാലിലേക്ക് മണ്ണ് ഒലിച്ചിറങ്ങുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.