ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. 2012ലെ ചട്ടങ്ങൾ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്നും, ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാർഗരേഖ നിർദേശിക്കുന്നുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
ചട്ടങ്ങൾക്ക് വിരുദ്ധമായി പുറത്തിറക്കിയ മാർഗനിർദേശങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ആന ഒരു ജീവിയാണ്. മൂന്ന് മീറ്റർ അകലം പാലിച്ച് ആനകളെ എങ്ങനെ നിർത്താൻ കഴിയുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. പകൽ ഒൻപത് മുതൽ അഞ്ചുമണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. ദേവസ്വങ്ങളുടെ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നിലവിലെ നിയമങ്ങൾ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്നും എന്തെങ്കിലും അപകടമുണ്ടായാൽ ഉത്തരവാദിത്വം ദേവസ്വങ്ങൾക്കെന്നും സുപ്രീംകോടതി പറഞ്ഞു.
250 വർഷത്തോളമായുള്ള ഉത്സവമാണ് ത്യശൂർ പൂരം. ഹൈക്കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന് ദേവസ്വങ്ങൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ചടങ്ങുകൾ കൂടുതലും നടക്കുന്നത് ഈ സമയത്താണ്. അങ്ങനെ വരുമ്പോൾ ഇത് എങ്ങനെ പ്രായോഗികമാകുമെന്നും സുപ്രീം കോടതി ചോദിച്ചു.
ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേർ വരുന്ന പൂരമാണ്. അധികാര പരിധിയും കടന്ന് ഹൈക്കോടതി പ്രവർത്തിച്ചു. തൃശൂർ പൂരം നടത്തുന്ന മേഖലയിലെ സ്ഥലപരിമിതി പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ഹൈക്കോടതി നിലപാടെടുത്തുവെന്ന് ഹർജിയിൽ പറയുന്നു.