മുംബൈ ബോട്ടപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. കേരളത്തിൽ നിന്നാണെന്നും, രക്ഷിതാക്കളെ കാണാനില്ലെന്നും ചികിത്സയിലുള്ള ഒരു ആറ് വയസ്സുകാരൻ പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് കേവൽ എന്ന ആറുവയസുകാരൻ ഉള്ളത്.അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നതായും സൈറ്റ് സീയിങ്ങിനായി പോയതാണെന്നുമാണ് ആറ് വയസുകാരൻ പറഞ്ഞത്. രക്ഷിതാക്കൾ എവിടെയാണെന്നതിൽ ഒരു വ്യക്തതയുമില്ല. അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ആളുകളെ എത്തിച്ചിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും ആശുപത്രിയിൽ രക്ഷിതാക്കൾ ഉണ്ടോയെന്നും പരിശോധന നടക്കുന്നുണ്ട്. കുട്ടിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയെ തിരിച്ചറിയുന്ന നാട്ടിലുള്ളവർ 6235968937എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
അറബിക്കടലിൽ മുംബൈ തീരത്ത് യാത്രാബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഇതുവരെ 13 പേരാണ് മരിച്ചത്. ഉല്ലാസ യാത്രക്കായി എലഫെന്റ് കേവിലേക്ക് പോയ യാത്രാ ബോട്ടിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് ഇടിച്ചായിരുന്നു അപകടം. 110 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ചികിത്സയിൽ ഉള്ളവരിൽ നാലുപേരുടെ നില ഗുരുതരമാണ്. 20 പേർക്ക് പരുക്കേറ്റിരുന്നു. എൻജിൻ ട്രയൽ നടത്തുന്ന ബോട്ടാണ് യാത്ര ബോട്ടിൽ ഇടിച്ചതെന്ന് നാവികസേന വാർത്തക്കുറിപ്പിൽ പറയുന്നു. ഇടിയുടെ അഘാതത്തിൽ ബോട്ട് മറഞ്ഞായിരുന്നു അപകടം ഉണ്ടായത്.
‘നീൽകമൽ’ എന്ന ബോട്ടാണ് മറിഞ്ഞത്. നാവികസേനയുടെ ബോട്ടിൽ 2 നാവികസേനാംഗങ്ങളും എൻജിൻ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉൾപ്പെടെ ആറു പേരായിരുന്നു ഉണ്ടായിരുന്നത്. നവി മുംബൈയിലെ ഉറാന് സമീപമാണ് അറബിക്കടലിൽ ബോട്ട് മുങ്ങിയത്.