മുംബൈ∙ നാവിക സേനാ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. ദമ്പതികൾ മുംബൈ ഡോക് യാർഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരെയാണ് കണ്ടെത്തിയത്. അപകടത്തിൽനിന്നും രക്ഷപ്പെട്ട ഇവരുടെ ആറു വയസുകാരൻ മകനെ മാത്രമാണ് ബന്ധുക്കൾക്ക് കണ്ടെത്താൻ സാധിച്ചിരുന്നുള്ളൂ. ഇതോടെയാണ് അപകടത്തിന് പിന്നാലെ ദമ്പതികളെ കാണാതായെന്ന വാർത്ത പരന്നത്.
അപകടശേഷം ദമ്പതികളെ രക്ഷാപ്രവർത്തകർ മുംബൈ ഡോക് യാർഡിലേക്കും ആറു വയസുകാരൻ ഏബൽ മാത്യുവിനെ ഉറാൻ തുറമുഖത്തേക്കുമാണ് എത്തിച്ചത്. ഇതോടെയാണ് കുട്ടിയും മാതാപിതാക്കളും രണ്ടിടത്തായത്. തുടർന്ന് ബന്ധുക്കൾ പൊലീസിന് ബന്ധപ്പെട്ടെങ്കിലും കുട്ടിയെ മാത്രം ലഭിച്ചു. വൈകാതെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദമ്പതികൾ അപകടത്തെ അതിജീവിച്ച് ഡോക്‌യാർഡിൽ എത്തിയതായി സ്ഥിരീകരിച്ചത്. കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടുണ്ട്.