കൊയിലാണ്ടി നഗരസഭ പരിധിയിലെ പാതയോരങ്ങളില്‍ സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്യുന്നതിന് നഗരസഭ നടപടി ശക്തമാക്കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കിയത്. നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് ഇതിനായി രൂപവല്‍ക്കരിച്ചിട്ടുണ്ട്. നഗരസഭ അസി.എഞ്ചിനിയര്‍ ശിവപ്രസാദാണ് സ്‌ക്വാഡ് ലീഡര്‍. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.റിഷാദ്, റവന്യു ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സലാം, ഓവര്‍സിയര്‍ എം.കെ.സജീവന്‍, ഓഫീസ് സ്റ്റാഫ് അഖിലേശന്‍ എന്നിവര്‍ സ്‌ക്വാഡ് അംഗങ്ങളാണ്. സ്‌ക്വാഡ് സ്ഥിരമായി പാതയോരങ്ങളില്‍ നിരീക്ഷണം നടത്തി നിയമവിരുദ്ധമായി കാണുന്ന എല്ലാ ബോര്‍ഡുകളും കൊടികളും തോരണങ്ങളും അഴിച്ചു മാറ്റുകയും, അവ സ്ഥാപിച്ചവരില്‍ നിന്ന് അയ്യായിരം രൂപ പിഴ ഈടാക്കുകയും ചെയ്യും. മറ്റ് നിയമ നടപടികളും ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ സ്വീകരിക്കും.
കൊയിലാണ്ടി നഗരസഭാധികൃതര്‍ കൊയിലാണ്ടി മുത്താമ്പി റോഡില്‍ സ്ഥാപിച്ച ധാരാളം ബാനറുകളും ബോര്‍ഡുകളും എടുത്തു മാറ്റി. ഇവ നഗരസഭ ഓഫീസ് പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. നഗരസഭയും പഞ്ചായത്ത് അധികൃതരും ബോര്‍ഡുകളും ബാനറുകളും കൃത്യമായി നീക്കം ചെയ്യുന്നുണ്ടൊയെന്ന് നോക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കോടതികള്‍ ചുമതലപ്പെടുത്തുന്ന ജീവനക്കാരും നിരീക്ഷകരായിട്ടുണ്ട്. ഇതു കാരണം അനധികൃതമായി സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും നഗരസഭ, പഞ്ചായത്ത് അധികൃതര്‍ അടിയന്തിരമായി തന്നെ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്.
എല്ലാ തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാരും തങ്ങളുടെ അധികാര പരിധിയില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും ഈ ഉത്തരവ് വന്ന തിയ്യതി മുതല്‍ 10 ദിവസത്തിനുളളില്‍ നീക്കം ചെയ്യാനാണ് നിര്‍ദ്ദേശം. സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്വമായി കണ്ടാണ് നടപടിയെടുക്കേണ്ടത്. അപ്രകാരം നീക്കം ചെയ്യാത്തവയ്ക്ക് തദ്ദേശ സ്വയം ഭരണ സെക്ട്രറിമാര്‍ക്ക് കോടതി ഉത്തരവ് പ്രകാരം പിഴ ചുമത്തും. ബോര്‍ഡ് നീക്കം ചെയ്യുന്ന കാര്യത്തില്‍ പ്രതിഷേധമുയര്‍ന്നാല്‍ പോലീസ് സഹായം തേടാവുന്നതാണ്.