അരിക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ വ്യാപിച്ചുകിടക്കുന്ന മുതുകുന്നു മലയിലെ അശാസ്ത്രീയമായ മണ്ണെടുപ്പിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഐ അരിക്കുളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതും, ഉരുൾപൊട്ടാൻ സാധ്യതയുള്ള കുന്നുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടതുമായ മുതുകുന്ന് മല റോഡ് വെട്ടുകയാണ് എന്ന വ്യാജേന ദേശീയപാത നിർമ്മാണത്തിന് വാഗാഡ് കമ്പനിയുടെ സൗകര്യത്തിനായി കുന്ന് ഇടിച്ചു നിരത്തി മണ്ണ് കൊണ്ടു പോകുന്നതിനെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. വീടുകൾക്കും കുടിവെള്ള സ്രോതസ്സുകൾക്കും ഭീഷണിയായ തരത്തിൽ തുടരുന്ന മണ്ണെടുപ്പ് നിർത്തിവയ്ക്കുകയും നാട്ടുകാരുടെ ആശങ്ക പരിഹരിക്കുകയും ചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സിപിഐ നേതാക്കൾ പറഞ്ഞു.
സിപിഐ മേപ്പയൂർ മണ്ഡലം സെക്രട്ടറി സി.ബിജു , അരിക്കുളം ലോക്കൽ സെക്രട്ടറി ഇ.രാജൻ മാസ്റ്റർ, എ.ഐ.വൈ.എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ധനേഷ് കാരയാട്, കെ. കെ രവീന്ദ്രൻ, ഇ.കെ രാജൻ, കെ രാധാകൃഷ്ണൻ, വി പി കുഞ്ഞനന്തൻ നായർ, ഇ.കെ വിജയൻ, ഗിരിജ, ലീല തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.