സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. മത്സര ഓട്ടം നിയന്ത്രിക്കാൻ ബസുകളിൽ ജിയോ ടാഗ് ചെയ്യുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
സ്വകാര്യ ബസുകൾ ആളുകളെ ഇടിച്ചുകൊന്നാൽ ആറ് മാസത്തേക്ക് പെർമിറ്റ് സസ്‌പെൻഡ് ചെയ്യും. അശ്രദ്ധമായ ഡ്രൈവിംഗ് കൊണ്ട് ആളുകൾക്ക് മാരകമായ പരിക്ക് സംഭവിച്ചാൽ 3 മാസം പെർമിറ്റ് റദ്ദാക്കും. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് പുറമേയാണ് ഈ നടപടികളെന്ന് ഗണേഷ് കുമാർ പറഞ്ഞു. പലപ്പോഴും മത്സര ഓട്ടത്തിന് പല ബസുടമകളും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണെന്നും അതുകൊണ്ടാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗത വകുപ്പിന്റെ എൻഫോസ്‌മെന്റ് പരിശോധന ശക്തമാക്കും. ഇന്ന് രാവിലെ മുതൽ പരിശോധന ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ വർധിച്ചുവരുന്ന വാഹന അപകട പരമ്പരയിൽ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി – പൊലീസ് യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു എന്നിവർ ജില്ലാ പൊലീസ് മേധാവിമാരും ആർടി ഒ മാരുമായി ചർച്ച നടത്തി. സംസ്ഥാനത്തെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കാൻ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും.
ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽടും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സർവീസ് നടത്തുക എന്നിവയ്ക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാബോധമുള്ളവരാക്കികൊണ്ട് അപകടങ്ങളില്ലാതാക്കാനുള്ള ബോധവൽക്കരണ പരിപാടികൾ സംയുക്തമായി സംഘടിപ്പിക്കും.
