കോഴിക്കോട് ജില്ലയിൽ സി.പി.എം ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ സി.പി.എം ഏരിയാ സെക്രട്ടറിമാരില്‍ അഞ്ച് പേര്‍ പുതുമുഖങ്ങളും നാല് പേര്‍ മൂന്നാം വട്ടവും ഏരിയാ സെക്രട്ടറിമാരായി. ബാക്കിയുള്ളവര്‍ രണ്ടാമത്തെ പ്രാവശ്യവും സെക്രട്ടറി സ്ഥാനത്ത് തുടരുന്നു. വടകരയില്‍ നടക്കുന്ന സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ 16 ഏരിയാ സമ്മേളനങ്ങളും പൂര്‍ത്തിയായി. വനിതാ നേതാക്കളാരും ഏരിയ കമ്മിറ്റികളുടെ തലപ്പത്ത് എത്തിയില്ല. എന്നാല്‍ ചില ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിമാരായി വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എ.മോഹന്‍ദാസ് (നാദാപുരം), ടി.കെ.സുമേഷ് (ബാലുശ്ശേരി), പി.കെ.ഇ.ചന്ദ്രന്‍ (കക്കോടി), പി.നിഖില്‍ (കോഴിക്കോട് ടൗണ്‍), കെ.ബൈജു (കോഴിക്കോട് സൗത്ത്) എന്നിവരാണ് ഏരിയാ സെക്രട്ടറി പുതുമുഖങ്ങള്‍. ടി.പി.ബിനീഷ് (ഒഞ്ചിയം), കെ.കെ.സുരേഷ് (കുന്നുമ്മല്‍), ടി.പി.ഗോപാലന്‍ (വടകര), എം.പി.ഷിബു (പയ്യോളി) എന്നിവരാണ് മൂന്നാമത്തെ തവണയും സെക്രട്ടറിമാരായവര്‍. ടി.കെ.ചന്ദ്രന്‍ (കൊയിലാണ്ടി), എം.കുഞ്ഞമ്മദ് (പേരാമ്പ്ര), കെ.ബാബു (താമരശ്ശേരി), വി.കെ.വിനോദ് (തിരുവമ്പാടി), പി.ഷൈപു (കുന്ദമംഗലം), കെ.രതീഷ് (കോഴിക്കോട് നോര്‍ത്ത്), ടി.രാധാഗോപി (ഫറോക്ക്) എന്നിവര്‍ രണ്ടാമതും ഏരിയാ സെക്രട്ടറിമാരായി. ഏരിയാ സെക്രട്ടറിമാരായായി വനിതകള്‍ ആരും വന്നില്ലെങ്കിലും ഏരിയാ കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന കായണ്ണ ലോക്കല്‍ സെക്രട്ടറിയായി എ.സി.സതിയെയും, ആവള ലോക്കല്‍ സെക്രട്ടറിയായി നഫീസ കൊയിലോത്തിനെയും ലോക്കല്‍ സമ്മേളനം തിരഞ്ഞെടുത്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി തന്നെയായിരുന്നു ഏരിയാ സമ്മേളനത്തിലെ പ്രധാന ചര്‍ച്ച വിഷയം. ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളെ കുറിച്ച് താരതമ്യം ചെയ്തുളള ചര്‍ച്ചകളും സജീവമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, പ്രാദേശിക ഭരണത്തെകുറിച്ചുളള ചര്‍ച്ചകളും മിക്ക ഏരിയാ സമ്മേളനങ്ങളിലും നടന്നു. ഭരണം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെങ്കില്‍ പല എല്‍.ഡി.എഫ് ഭരണം കയ്യാളുന്ന പല നഗരസഭകളും പഞ്ചായത്തുകളും നഷ്ടപ്പെടാനുള്ള സാധ്യതയിലേക്കും ഏരിയാ സമ്മേളന പ്രതിനിധികള്‍ വിരല്‍ ചൂണ്ടി. സംസ്ഥാന സര്‍ക്കാറില്‍ ഘടകകക്ഷി മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായിട്ടുണ്ട്.
ഏരിയാ സമ്മേളനം പൂര്‍ത്തിയായതോടെ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.
ജനുവരി 29 മുതല്‍ 31 വരെ വടകരയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ 22 അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരിം, കെ.കെ.ശൈലജ തുടങ്ങിയവര്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കുമെന്നാണ് വിവരം. ജില്ലാ കമ്മിറ്റിയില്‍ നിന്ന് 75 വയസ്സ് പൂര്‍ത്തിയായവരെ ഒഴിവാക്കാനാണ് തീരുമാനം. മുന്‍ എം.എല്‍.എമാര്‍ ഉള്‍പ്പടെയുളളവര്‍ പ്രായപരിധി കര്‍ശനമായി നടപ്പിലാക്കുമ്പോള്‍ പുറത്ത് പോകേണ്ടി വരും. ഇവര്‍ വര്‍ഗ്ഗ ബഹുജന സംഘടനാ രംഗത്ത് തുടര്‍ന്നേക്കും. മുന്‍ എം.എല്‍.എ എ.പ്രദീപ് കുമാര്‍, എം.മെഹബൂബ്, കെ.കെ.ദിനേശന്‍ എന്നിവരെയാണ് പുതിയ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നറിയുന്നു.