വടുവൻചാൽ (വയനാട്) സ്വയംതൊഴിലിലൂടെ വരുമാനം കണ്ടെത്തണമെന്നായിരുന്നു സഹോദരങ്ങളായ ജിതിന്റെയും ഋതിന്റെയും ആഗ്രഹം. ബിരുദാനന്തരപഠനത്തിനുശേഷം അവർ വീട്ടിൽ തിരിച്ചെത്തി. കൃഷിക്കാരായ മാതാപിതാക്കൾക്കൊപ്പം ചേർന്നു. സമൃദ്ധമായൊഴുകുന്ന ചോലാടി പുഴയോരത്ത് അവർ ചേർന്നൊരു കാർഷികവിപ്ലവത്തിന് തുടക്കമിട്ടു. വെള്ളക്കോളർ ജോലിയുപേക്ഷിച്ച ഇവരിന്ന് കൃഷിയിലൂടെ ലക്ഷങ്ങൾ സാമ്പാദിക്കുന്നു.
വട്ടച്ചോലയിൽ വീടിനോടുചേർന്നുള്ള ഒരേക്കറിൽ 2016-ലാണ് കൃഷിതുടങ്ങിയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഇവർക്ക്. അധികമാരും പരീക്ഷിക്കാത്ത ചൗ ചൗ അഥവാ ചയോട്ടെ കൃഷിയിൽ ഈ കുടുംബത്തെ വെല്ലാൻ വയനാട്ടിലാരുമില്ല. ചോലാടി പുഴയുടെ തീരത്തെ പച്ചപ്പന്തലിൽ ചൗ ചൗവിന്റെ വിളവെടുപ്പുകാലമാണിത്. വിദേശത്തുൾപ്പടെ ആവശ്യക്കാരുള്ള ഫലത്തിന്റെ വിളവെടുപ്പും പാക്കിങും കയറ്റുമതിയുമുൾപ്പെടെ കൈകാര്യംചെയ്യുന്നത് ഈ കുടുംബംതന്നെ. എട്ടുവർഷത്തെ അനുഭവസമ്പത്തുള്ള കുടുംബം ഇക്കുറി പലയിടത്തായി 25 ഏക്കർ കൃഷിയാണ് ചെയ്യുന്നത്.
മാതാപിതാക്കളും മക്കളും മക്കളുടെ ഭാര്യമാരും കൃഷിയിടത്തിൽ സജീവമാണ്. മണ്ണൊരുക്കുമ്പോൾ മുതൽ ഇവരുടെ പണിയാരംഭിക്കും. മുളവന്ന തൈകൾ മൂന്നെണ്ണമാണ് കുഴിയിൽ നടുന്നത്. യഥാസമയം വെള്ളവും വളവും നൽകുന്നു. ചാണകവും കോഴിക്കാഷ്ഠവുമാണ് പ്രധാനമായി നൽകുന്നത്. വളർന്നുതുടങ്ങുമ്പോൾ വള്ളികൾ രണ്ടുമീറ്റർ ഉയരത്തിൽ കെട്ടിയ പന്തലിലേക്ക് കയറ്റിവിടും. വിറ്റാമിൻ-സിയുടെയും നാരുകളുടെയും കലവറയാണ് ഈ പച്ചക്കറി. വെള്ള, പച്ച എന്നീ നിറങ്ങളുണ്ടെങ്കിലും പച്ചനിറത്തിനാണ് ഡിമാന്റുകൂടുതൽ. അറബുനാടുകളിൽ ഉൾപ്പെടെ ചൗ ചൗ പ്രിയമുള്ളവർ ഏറെയുണ്ടെന്ന് ബിന്ദു പറഞ്ഞു. വാഴ, ഇഞ്ചി, കാപ്പി എന്നിവയും ഇവർ കൃഷിചെയ്യുന്നുണ്ട്.