കൊയിലാണ്ടി: പാതയോരങ്ങളിലും ജലാശയങ്ങളിലും പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് കടുത്ത പരിസ്ഥിതി പ്രശ്‌നത്തിന് ഇടയാക്കുന്നു. മിക്കവാറും ജലാശയങ്ങളും തോടുകളും പാതയോരങ്ങളും പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിറയുകയാണ്. ഇതു വഴി യാത്ര ചെയ്യുന്നവര്‍ വെളളം കുടിച്ച ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഉള്‍നാടന്‍ ജലാശയങ്ങളിലും തോടുകളിലും വരെ പ്ലാസ്റ്റിക് മാലിന്യം നിറയുകയാണ്. ഇത് പരിസ്ഥിതിയ്ക്കും ആവാസ വ്യവസ്ഥയ്ക്കും കടുത്ത ഭീഷണിയാവുകയാണ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തോടുകളിലെയും പുഴകളിലേയും ഒഴുക്കിനെ ബാധിക്കുന്നുണ്ട്. ഒഴുക്ക് നശിക്കുന്നതോടെ ജലാശയങ്ങള്‍ മലിനപ്പെടാന്‍ തുടങ്ങും. കെട്ടി നില്‍ക്കുന്ന ജലാശയങ്ങളില്‍ പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊതുകുകളും പെരുകും. ഒട്ടനവധി ജലജന്യ ജീവികളുടെ നാശത്തിനും ഇത് കാരണമാകുന്നു.
വയലുകളില്‍ പ്ലാസ്റ്റിക് മാലിന്യം കെട്ടി കിടന്ന് ജലം മലിനപ്പെടുന്നതോടെ , പാടങ്ങളില്‍ ഇറങ്ങി കൃഷി ചെയ്യാന്‍ തൊഴിലാളികളും കര്‍ഷകരും മടിക്കുകയാണ്. ഇതോടെ വയലുകളില്‍ നെല്‍കൃഷിയും മുടങ്ങുകയാണ്. കീഴരിയൂര്‍ തുറയൂര്‍ റോഡിന്റെ ഇരു വശത്തും പുഴയോട് ചേര്‍ന്ന ജലാശയമാണ്. ഇവിടങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം തളളുന്നത് വലിയ പരിസ്ഥിതി വിഷയമായി മാറുകയാണ്. പുത്തഞ്ചേരി ജലാശയത്തോട് ചേര്‍ന്നുളള കരഭാഗത്തും പ്ലാസ്റ്റിക് കുപ്പികള്‍ അടിഞ്ഞു കൂടി കിടക്കുന്നത് കാണാം. കടലോര മേഖലയിലും പ്ലാസ്റ്റിക് കുപ്പികളും ചിതറി കിടക്കുന്നുണ്ട്.
കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതി പ്രവര്‍ത്തകര്‍ എല്ലാ വര്‍ഷവും തോണി ഉപയോഗിച്ച് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ അകലാപ്പുഴയോരത്ത് ശുചീകരണം നടത്തി വന്‍ തോതില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. എന്നിട്ടും ഓരോ വര്‍ഷവും മാലിന്യ നിക്ഷേപം കൂടി വരികയാണ്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ മൂന്ന് പ്ലാസ്റ്റിക് ബിന്നുകള്‍ കീഴരിയൂര്‍ തുറയൂര്‍ റോഡിലെ പൊടിയാടി ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുപന്നതിന് പകരം ഇത്തരം ബിന്നുകളില്‍ നിക്ഷേപിക്കുകയാണ് പ്രകൃതിയ്ക്കും നാടിനും അഭികാമ്യമെന്ന് ഡോ. ദിനീഷ് ബേബി കമ്പനി പറഞ്ഞു.