കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഏതെങ്കിലുമൊരു വിഭാഗത്തിൽപ്പെട്ട ചിത്രങ്ങൾ മാത്രം സൃഷ്ടിക്കുകയോ ചില പ്രത്യേക കാഴ്ചപ്പാടുകൾ മാത്രം അവതരിപ്പിക്കുകയോ ചെയ്താൽ അതു സിനിമാ രംഗത്തിന്റെ ശോഷണത്തിനു മാത്രമേ വഴിവയ്ക്കൂ എന്നും വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാർഥ്യങ്ങളേയും പ്രതിഫലിപ്പിക്കാൻ കഴിയുന്ന കലാമൂല്യമുള്ള സിനിമകൾ സൃഷ്ടിക്കാനും സ്വീകരിക്കാനും സിനിമാ മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ഉള്ളടക്കത്തിന്റെയും ഉൾക്കാമ്പിന്റെയും കാര്യത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് ലോകത്തെതന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. സിനിമാ പ്രദർശനം മാത്രമല്ല മേളയിൽ നടക്കുന്നത്. ചർച്ചകൾ, അഭിപ്രായ പ്രകടനങ്ങൾ തുടങ്ങിയവ പുരോഗമന സ്വഭാവമുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്നിഹിതനായിരുന്നു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഫെസ്റ്റിവൽ ബുക്ക് വി.കെ. പ്രശാന്ത് എംഎൽഎയ്ക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഫെസ്റ്റിവൽ ബുക്ക് ക്യുറേറ്റർ ഗോൾഡാ സെല്ലത്തിന് നൽകി പ്രകാശനം ചെയ്തു. ജെ.സി. ഡാനിയേൽ പുരസ്കാര ജേതാവ് ഷാജി എൻ കരുണിനെ കുറിച്ച് എസ് ജയചന്ദ്രൻ നായർ രചിച്ച ഏകാന്തദീപ്തികൾ എന്ന പുസ്തകം അന്താരാഷ്ട്ര ജൂറി ചെയർപേഴ്സൺ ആഗ്നസ് ഗൊദാർദ് പ്രകാശനം ചെയ്തു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ആദ്യപ്രതി ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ. ജേക്കബ്, അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിച്ചു. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത പോർച്ചുഗീസ് ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറി.