മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ പാര്ലമെന്റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. കേരളം ഇന്ത്യയിലാണെന്ന മുദ്രാവാക്യത്തോടൊപ്പം ‘ജസ്റ്റിസ് ഫോര്‍ വയനാട്’, ‘വയനാടിനുള്ള സഹായ പാക്കേജ് ലഭ്യമാക്കുക’ തുടങ്ങിയ ആവശ്യങ്ങളെഴുതിയ ബാനർ ഉയർത്തിപ്പിടിച്ചാണ് എംപിമാർ പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചത്.
ഉരുള്‍പൊട്ടൽ അടക്കമുള്ള ദുരന്തങ്ങളിൽ എയര്‍ലിഫ്റ്റിങിന് ചെലവായ തുക കേരളത്തില്‍ നിന്നും ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കൂടിയായിരുന്നു പാര്‍ലമെന്റിന് പുറത്ത് എംപിമാരുടെ പ്രതിഷേധം. ദുരിതകാല രക്ഷാപ്രവര്‍ത്തനത്തെയും കേന്ദ്രം കച്ചവടമാക്കി മാറ്റുകയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കേരളത്തെ ബോധപൂര്‍വ്വം അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കെ രാധാകൃഷ്ണന്‍ എംപിയും തുറന്നടിച്ചു.