കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ബെന്‍സ് കാറെന്ന് കണ്ടെത്തി. രണ്ടു വാഹങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാനും എം വി ഡി തീരുമാനിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആല്‍വിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ വാഹനമിടിച്ചാണ് അപകടമുണ്ടായത്. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്‌സ് ചെയ്ത് വരുന്നതിന്റെ ദൃശ്യങ്ങള്‍ ആല്‍വിന്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.