ഏകാദശിയുടെ ഭാഗമായി ഗുരുവായൂരില്‍ ഇന്ന് ദശമിവിളക്ക്. ശ്രീ ഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റിന്റെ വകയാണ് വിളക്ക്. രാവിലെ കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ മേളം. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് ചോറ്റാനിക്കര വിജയന്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം. സന്ധ്യക്ക് ഗുരുവായൂര്‍ ശശി മാരാരുടെ കേളി എന്നിവയുമുണ്ടാകും.
ദശമിദിനമായ ചൊവ്വാഴ്ച പുലര്‍ച്ചെ നടതുറന്നാല്‍ ബുധനാഴ്ച ഏകാദശിയും കഴിഞ്ഞ് പിറ്റേന്ന് ദ്വാദശിയ്ക്ക് രാവിലെ ഒമ്പതിനാണ് നടയടയ്ക്കുക. 54 മണിക്കൂര്‍ ദര്‍ശനം ലഭിക്കും. പൂജകള്‍ക്ക് മാത്രമായിരിക്കും നട അടയ്ക്കുക. വ്രതാനുഷ്ഠനാത്തിന്റെ ഏകാദശി ബുധനാഴ്ചയാണ്. രാവിലെ ആറരയ്ക്കാണ് പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്. സാധാരണ രാവിലെ ഒമ്പതു മണിയോടെയാണ് എഴുന്നള്ളിപ്പ് നടക്കാറ്.
എന്നാല്‍ കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് രണ്ടര മണിക്കൂര്‍ നേരത്തെയാക്കിയത്. പ്രസാദ ഊട്ട് രാവിലെ ഒന്‍പതു മണിക്ക് തുടങ്ങും. ചൊവ്വാഴ്ച ഗജരാജന്‍ കേശവന്‍ അനുസ്മരണത്തിനുള്ള അഞ്ചാനകളുമായുള്ള ഘോഷയാത്ര രാവിലെ ആറരയ്ക്ക് തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഒന്‍പതിന് മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചരത്ന കീര്‍ത്തനാലാപനം നടക്കും.
ഹൈക്കോടതി നിർദേശം അനുസരിച്ച് ക്ഷേത്രത്തിൽ വിളക്കിനും കാഴ്ചശീവേലിക്കും ഒരാന മാത്രം മതിയെന്ന ദേവസ്വം തീരുമാനം ഇന്നലെ നടപ്പായി. അഷ്ടമി വിളക്കിന് കോലം എഴുന്നള്ളിക്കാൻ കൊമ്പൻ ഗോകുൽ മാത്രം. ഇടംവലം നിരക്കാൻ ആനകളില്ല. സാധാരണ വിളക്കിനും കാഴ്ചശീവേലിക്കും മൂന്നാനകൾ പതിവുണ്ട്. മണ്ഡലകാലത്ത് ആദ്യത്തെ 30 ദിവസം രാവിലത്തെ ശീവേലിക്കും 3 ആനകൾ പതിവുണ്ടായിരുന്നു. ഇതെല്ലാം നിർത്തലാക്കി. ദേവസ്വം തീരുമാനത്തെ തുടർന്ന് ഏകാദശി ദിവസം രാവിലെ 9ന് പതിവുള്ള പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് രാവിലെ 6.30ന് ആക്കി. ദശമി ദിവസത്തെ ഗജരാജൻ കേശവൻ അനുസ്മരണ ഗജ ഘോഷയാത്രയ്ക്ക് ആനകളുടെ എണ്ണം 5 ആക്കി കുറച്ചു. സാധാരണ 15 ആനകൾ പങ്കെടുക്കാറുണ്ട്.