കൊയിലാണ്ടി: സ്ത്രീകളോട് വ്യക്തിപരമായും, സാമൂഹ്യമായും നിർവ്വഹിക്കേണ്ട ബാദ്ധ്യതകൾ പൊതുസമൂഹം വിസ്മരിക്കുകയാണെന്ന് വിസ്ഡം വിമൻസ് ഇസ് ലാമിക് ഓർഗനൈസേഷൻ മണ്ഡലം വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. 2025 നവംബർ 19ന് പൂനത്ത് നടക്കുന്ന ജില്ലാ മുജാഹിദ് വനിതാ സമ്മേളനത്തിൻ്റെ ഭാഗമായാണ് വനിതാ സമ്മേളനം സംഘടിപ്പിച്ചത്.
സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാർക്കറ്റിംങ്ങിനും വേണ്ടി ഉപയോഗിക്കുന്ന സമൂഹത്തിൻ്റെ പുരോഗമന കാഴ്ചപ്പാടിൻ്റെ ദുരന്തഫലമാണ് പുതിയ സംഭവ വികാസങ്ങൾക്ക് വഴിവെച്ചതെന്ന് ഏരിയാ വനിതാ സമ്മേളനം കുറ്റപ്പെടുത്തി. സ്ത്രീ സമൂഹത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവർ തന്നെ അവരെ ലൈംഗികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്ന സാഹചര്യമാണ് പൊതു ഇടങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇത്തരം ചൂഷണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും, നിയമ പരിരക്ഷ ഉറപ്പാക്കുവാനും സർക്കാർ കർശന സമീപനം സ്വീകരിക്കണം.
സ്വാതന്ത്ര്യവും, അവകാശങ്ങളും മറയാക്കി സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യാനായി മാത്രം നിലകൊള്ളുന്ന ഗ്രൂപ്പുകളിലേക്ക് എത്തിച്ച് കൊടുക്കുന്ന സംഘങ്ങൾക്കെതിരെ പൊതുസമൂഹം കനത്ത ജാഗ്രത പാലിക്കണമെന്നും ഏരിയാ വനിതാ സമ്മേളനം ആവശ്യപ്പെട്ടു. ഇസ്ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വികലമായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന സമസ്ത പണ്ഡിതന്മാർക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. മനുഷ്യൻ്റെ ആത്മീയ അന്വേഷണങ്ങളെ വഴിതിരിച്ച് വിടുന്ന സമീപനങ്ങളാണ് സമസ്തയും അനുബന്ധ പ്രസ്ഥാനങ്ങളും സ്വീകരിച്ച് വരുന്നതെന്നും വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. ഏകദൈവ വിശ്വാസമാണ് ഇസ്ലാമിൻ്റെ മൗലികത എന്നിരിക്കെ ബഹുദൈവാരാധനക്ക് തുല്യമായ വിശ്വാസ ചിന്തകൾ പ്രചരിപ്പിക്കുന്ന സമസ്ത പണ്ഡിതന്മാരുടെ നീക്കം അപലപനീയമാണ്.
സമ്മേളനം വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി ഉദ്ഘാടനം ചെയ്തു. സ്ത്രീ ഇസ്ലാമിൽ എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു. വിസ്ഡം വിമൺസ് മണ്ഡലം പ്രസിഡണ്ട് നസീമ മേലൂർ അധ്യക്ഷത വഹിച്ചു. പുതിയ തലമുറ എന്ന വിഷയത്തെ ആസ്പദമാക്കി മുഹമ്മദ്സൈഫുള്ള ക്ലാസെടുത്തു. സെക്രട്ടറി സൻസി കൊല്ലം സ്വാഗതവും ട്രഷറർ സീനത്ത് ചെങ്ങോട്ടുകാവ് നന്ദിയും പറഞ്ഞു.