വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ്. കയ്യില്‍ പണമില്ലെന്നും അബദ്ധത്തില്‍ അയച്ച ആറക്ക ഒടിപി പിന്‍ അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് നടക്കുന്നത്.
‘ഞാനൊരു പുതിയ മൊബൈല്‍ വാങ്ങി, അറിയാതെ നിന്റെ നമ്പറിലേക്ക് ഞാനൊരു കോഡ് അയച്ചു. അതൊന്ന് അയച്ചുതരുമോ?’ ഇങ്ങനെയാണ് സുഹൃത്തുക്കളില്‍ നിന്ന് ഇങ്ങനെയൊരു മേസേജ് വരുന്നത്. സുഹൃത്തിന്റെ നമ്പറില്‍ നിന്നായതിനാല്‍ നിങ്ങള്‍ക്ക് സംശയം ഒന്നും തോന്നില്ല.
തുടര്‍ന്ന് നിങ്ങള്‍ ആറക്ക നമ്പര്‍ അയച്ചുകൊടുക്കും. പിന്നീട് നിങ്ങളെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളായിരിക്കും. കാരണം നിങ്ങളുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരില്‍ നിങ്ങളുടെ വാട്സ്ആപ്പില്‍ എത്തുന്നവര്‍ തട്ടിപ്പുകാരായിരിക്കും.
ഫോണ്‍ മാറുമ്പോള്‍ വാട്സ്ആപ്പ് അയക്കുന്ന ആറക്ക നമ്പറിനെ മറയാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതിനോടകം ഈ തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഡിസംബര്‍ ആറിന് സന്തോഷ് ശിവന്‍ തന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.