സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ബസുകളിലും മാലിന്യമുക്തമായ യാത്രയൊരുക്കുന്നതിന്റെ ഭാഗമായി മാലിന്യങ്ങൾ നിക്ഷേപിക്കാൻ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനൊരുങ്ങി കെഎസ്ആർടിസി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ നടപടികൾ സ്വീകരിക്കുന്നത്.
മാലിന്യം വലിച്ചെറിയരുത് എന്ന ബോർഡും ഇതിനൊപ്പം ബസുകളിൽ സ്ഥാപിക്കും. ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും. കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എല്ലാ സ്രോതസുകളും കെഎസ്ആർടിസിയെ മാലിന്യമുക്തമാക്കാനായി പ്രയോജനപ്പെടുത്തും. ദീർഘദൂര ബസുകളിൽ കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കംചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും. തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ ഇടിപികൾ (എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ്) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. മൊബൈൽ ഇടിപിയുടെ ലഭ്യതയും ഉറപ്പാക്കും. വാഹനം കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സാധ്യതയും പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നുണ്ട്.