29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് 13ന് തുടക്കമാകും. എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ ഉൾപ്പെടുന്നതാണ് 29ാമത് അന്താരാഷ്ട്ര ചലചിത്ര മേള.
ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയേറ്ററുകളിലായി നടക്കുന്ന മേളയുടെ മുഖ്യ വേദി ടാഗോർ തീയ്യേറ്ററാണ്. സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള നൂറില്‍പ്പരം അതിഥികള്‍ മേളയുടെ ഭാഗമാകും. ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്‌സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി നടക്കും.