എലത്തൂര്‍ ഡിപ്പോയില്‍ നിന്ന് ചോര്‍ന്ന ഡീസല്‍ മണ്ണില്‍ കലര്‍ന്ന ഭാഗങ്ങളില്‍ അതിന്റെ പ്രത്യാഘാതം ഏറെക്കാലം നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കി വിദഗ്ധർ. ലീക് ആയ ഡീസൽ മണ്ണില്‍ കലര്‍ന്നഭാഗത്ത് ഭൂഗര്‍ഭജലത്തിലേക്ക് ഇതിന്റെ അംശം ഇറങ്ങുമെന്ന് സി.ഡബ്‌ള്യു.ആര്‍.ഡി.എം. ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്റിസ്റ്റ് ഡോ. വി.എസ്. ചിത്ര വെളിപ്പെടുത്തി. ഇത് സ്വാഭാവികമായും പ്രദേശത്തെ കിണറുകളെ ബാധിക്കും. എന്നാൽ തീരദേശ മേഖല ആയത് കൊണ്ട് കുടിവെള്ളത്തിന് കിണറുകളെ ആശ്രയിക്കുന്നില്ല എന്നതാണ് ഏക ആശ്വാസം.
ഡീസല്‍ പുഴയിലേക്കെത്തിയതിനാല്‍ അവിടെയും അതിന്റെ പ്രശ്‌നങ്ങളുണ്ടാവും. ഡീസല്‍ പരന്നൊഴുകിയ തോട്, സമീപത്തെ കിണര്‍ എന്നിവിടങ്ങളില്‍നിന്ന് സി.ഡബ്‌ള്യു.ആര്‍.ഡി.എം. സംഘം സാംപിളുകള്‍ ശേഖരിച്ചു. ഡീസല്‍ പടര്‍ന്ന ജലാശയങ്ങളിലും സമീപത്തെ വീടുകളിലും റവന്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തി. പ്രദേശത്തെ വീടുകളില്‍നിന്നെല്ലാം ആളുകളുടെ പരാതികള്‍ കേട്ടു. ആളുകള്‍ക്ക് ഏതെങ്കിലുംതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നാണ് അന്വേഷിച്ചത്. സമീപവാസികള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ പരിഹരിക്കാന്‍ പ്രത്യേക മെഡിക്കല്‍സംഘത്തെ നിയോഗിച്ചിട്ടുണ്ട്.