ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ പോലീസ് ഓഫീസർമാരുമാണ് ചുമതലയേറ്റത്.
സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായ പി. ബിജോയ് (പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പാൾ), ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ ശക്തി സിംഗ് ആര്യ (പെരുമ്പാവൂർ എ.എസ്.പി), അസി. സ്‌പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിൻ്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.
അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പി. ബിജോയ് നിർദ്ദേശം നൽകി. തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിക്കും. ഡിസംബർ 16 വരെയാണ് ഇവരുടെ കാലാവധി.