ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് വൈദ്യുതി നിരക്ക് വർധന നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ തന്നെ ഉയർന്ന വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നതെന്നും, എന്നാൽ നിരക്ക് വർധിപ്പിച്ചാലും പകൽ സമയങ്ങളിൽ ഇളവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വൈദ്യുതി അതേ നിരക്കിൽ തന്നെ ജനങ്ങൾക്ക് നൽകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി ഉറപ്പു നൽകി. ജനങ്ങൾക്ക് ഇരുട്ടടിയാണെന്ന വാദം തെറ്റാണെന്നും, കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് മാത്രമേ നിരക്ക് വർധിക്കുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, കൂടുതൽ സ്ഥലങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.
വൈദ്യുതി നിരക്ക് വർധനയുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിശദീകരിച്ചിരുന്നു. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എസ്.ഇ.ബി യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വേനൽക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിർദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.